എതിരാളികളില്ല, കണ്ണൂരിൽ ആറ് വാര്‍ഡുകളിൽ LDF ജയം
തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ കണ്ണൂർ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാർഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഐഎമ്മിന് എതിരാളികളില്ല. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഈ വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു.
പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ മോറാഴ വാർഡിൽ കെ. രജിതയും പൊടിക്കുണ്ട് വാർഡിൽ കെ. പ്രേമരാജനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോർത്തിൽ ഐ. വി. ഒതേനനും അടുവാപ്പുറം സൗത്തിൽ സി. കെ. ശ്രേയയും എതിരില്ലാതെ വിജയിച്ചു. കണ്ണപുരം പഞ്ചായത്തിലെ 13-ാം വാർഡിൽ രീതി പി.യും 14-ാം വാർഡിൽ രേഷ്മ പി. വി.യും ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനാർത്ഥികൾ.
ആന്തൂരിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ യുഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥികളും സ്വതന്ത്രരും പത്രിക നൽകിയില്ല. മറ്റൊരു വാർഡിൽ ബിജെപി സ്ഥാനാർത്ഥിയുണ്ട്. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ 5,6 വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത്. മൂന്ന് വാർഡുകളിൽ യുഡിഎഫിന് പത്രിക നൽകാനായില്ല. കണ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് 13ലും വാര്‍ഡ് 14ലുമാണ് സിപിഎമ്മിന് എതിരാളികളില്ലാത്തത്.
