മണൽ മാഫിയ യുവാവിനെ ആക്രമിച്ച് വധിക്കാൻ ശ്രമം: 12 പേർക്കെതിരെ കേസ്
വളപട്ടണം : മണൽ കടത്തുകാർ ഒളിഞ്ഞു നിൽക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ 12 പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി അരോളി കല്ലൂരിക്കടവിലെ പി.പി. സുഹൈലിനെ (38) യാണ് മണൽ കടത്തു സംഘം ആക്രമിച്ചത്. പരാതിയിൽ പാപ്പിനിശേരിയിലെ ഷഫീഖ് എന്ന കൊക്ക് ഷഫീഖ്, മാങ്കടവ് ചാലിലെ ഷഫീഖ്, പാറക്കൽ സ്വദേശികളായ സിദ്ധിഖ്, നസീർ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന എട്ടു പേർക്കുമെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 7 ന് പുലർച്ചെയാണ് സംഭവം.
ഷോപ്പിൽ നിന്നും വീട്ടിലേക്ക് പോകവെ കാട്യത്തിന് സമീപം വെച്ച് ബൈക്കിലും കാറിലുമായി വന്ന സംഘം പരാതിക്കാരൻ സഞ്ചരിച്ച
കാർ തടഞ്ഞു നിർത്തി ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും ചങ്ങല കൊണ്ടുതലക്കും നെറ്റിക്കും കുത്തുകയും മരപ്പട്ടിക കൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയിൽ ചീത്ത വിളിക്കുകയും അക്രമം തടയാൻ ചെന്ന സുഹൃത്ത് സജാദിനെയും സംഘം ആക്രമിച്ചു. മണൽ കടത്തിന് എസ്കോർട്ടുകാരായ പ്രതികൾ രാത്രികാലങ്ങളിൽ ഒളിഞ്ഞു നിൽക്കാൻ കയറുന്നത് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
