ദേവസ്വം ബോർഡുകളുടെ അഴിമതികൾ അന്വേഷിക്കണമെന്ന് ഊരാളസഭ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു
തളിപ്പറമ്പ്: ദേവസ്വം ബോർഡുകളുടെ അഴിമതികൾ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് അഖില കേരള ക്ഷേത്ര ദേവസ്വം ഊരാളസഭയുടെ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡുകളുടെ തെറ്റായ ഭരണരീതികൾ മൂലമാണ് സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങൾ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയതെന്ന് കൺവെൻഷനിൽ ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡുകളുടെ കഴിഞ്ഞ 20 വർഷത്തെ മുഴുവൻ രേഖകളും ജുഡീഷ്യൽ കമ്മിഷൻ മുഖേന പുനഃപരിശോധന (റീ ഓഡിറ്റ്) നടത്തണമെന്നും ആസ്തികളുടെ കണക്കെടുപ്പ് മൂന്നു മാസം കൂടുമ്പോൾ നടത്തണമെന്നും ആവശ്യപ്പെട്ടു.
രേഖകളുടെ പകർപ്പുകൾ ബന്ധപ്പെട്ട ക്ഷേത്ര ഊരാളന്മാർക്ക് കൈമാറണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഊരാളസഭയുടെ നേതൃത്വത്തിൽ ക്ഷേത്രഭരണ സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി, നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭരണപദ്ധതി രൂപപ്പെടുത്താൻ തീരുമാനിച്ചു.
തളിപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിരത്തിൽ നടന്ന സമ്മേളനം ടിടികെ ദേവസ്വം മുൻ പ്രസിഡന്റ് കാർത്തേരി പറപ്പൂർ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് കുഞ്ഞുമാധവൻ കനകത്തിടം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മാടത്തിൽ മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി, ഖജാൻജി രാമദാസ് വാഴുന്നവർ, കിനാവൂർ പുതുമന ഗണേഷ് പ്രസാദ്, പി.സി.ജി. നമ്പ്യാർ, ഗോപാലകൃഷ്ണൻ അടിയോടി, ശ്രീരാഘവപുരം സഭായോഗം സെക്രട്ടറി പെരിയമന ഹരി നമ്പൂതിരി, മംഗലശ്ശേരി രാജേന്ദ്രൻ നമ്പൂതിരി, വി.ജി. പണിക്കർ എന്നിവർ സംസാരിച്ചു.
