മയക്കുമരുന്ന് കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷ
കണ്ണൂർ:ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് മാരക ലഹരി മരുന്ന് കടത്തി കൊണ്ടുവന്ന കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
2024 ജനുവരി പതിമൂന്നാം തീയതി പയ്യാമ്പലം ബീച്ചിന് സമീപം വെച്ചാണ് 134 . 178 ഗ്രാമം മാരക ലഹരി മരുന്നായ മെത്താംഫിറ്റമിനുമായി എടക്കാട് കുറുവ പാലത്തിന് സമീപത്തെ സബീന മൻസിലിൽ സി.എച്ച്. മുഹമ്മദ് ഷെരീഫിനെ (34)
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവും സംഘവും അറസ്റ്റു ചെയ്തിരുന്നത്. വാഹനപരിശോധനയ്ക്കിടെയാണ്
134.178ഗ്രാം മെത്താംഫിറ്റമിനുമായി പ്രതിയെ അറസ്റ്റു ചെയ്തത്.
ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.
കേസിന്റെ തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറായിരുന്ന ഷിബു പി.എൽ (ഇപ്പോൾ തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ) നടത്തുകയുംവടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ഒരു വർഷവും ഒൻപത് മാസങ്ങൾക്കും ശേഷമാണ് വിധി പ്രസ്താവിച്ചത്. വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു വി.ജി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഷിബു കെ.സി, അബ്ദുൾ നാസർ ആർ.പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ.പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ജോർജ് ഹാജരായി.
