ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

പെരിങ്ങോം: ഏപ്രിൽ 26, 27 ചെർണോബിൽ ദിനത്തിൽ ചീമേനി ശ്രീധർമ്മശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനത്തിൻ്റെ പ്രചരണാർഥം ഏപ്രിൽ 22, 23 തീയ്യതികളിൽ നടക്കുന്ന ദ്വിദിന പ്രചാരണ വാഹനജാഥ, മുപ്പത് വർഷങ്ങൾക്ക് മുന്നേ ആണവനിലയ ത്തിനെതിരെ വിജയിച്ച ജനകീയസമരത്തിൻ്റെ ഓർമ പുതിക്കിക്കൊണ്ട് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് നിന്ന് തുടങ്ങി.
ജവഹർലാൽ നെഹ്റു യുണിവേഴ്സിറ്റി ( ദെൽഹി) മുൻ പ്രൊഫസർ ഡോ.ഏ.കെ രാമകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. ആണവ നിലയത്തിനെതിരെ നടന്ന വിജയിച്ച പെരിങ്ങോം സമരത്തിനു ശേഷം കേരളത്തിൽ ഒരു രണ്ടാം വരവിന് ശ്രമിക്കുന്ന ആണവനിലയത്തിൻ്റെ ദൂഷ്യങ്ങൾ വിശദീകരിച്ച് തൃശൂർ ട്രാൻസിഷൻ സ്റ്റഡീസ് പ്രസിദ്ധീകരിച്ച ‘രണ്ടാം ആണവ ദു:സ്വപ്നം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു . ചീമേനി ആണവ വിരുദ്ധ ജനജാഗ്രതാ സമിതി ചെയർമാൻ ഡോ: ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കൺവീനർ എൻ.സുബ്രഹ്മണ്യൻ, കെ.രാമചന്ദ്രൻ, വി. കെ.രവീന്ദ്രൻ, ചീമേനി ആണവിരുദ്ധ സമ്മേളനം സ്വാഗത സംഘം കൺവീനർ ദാമോദരൻ. കെ. എം , ശോഭന. ടി., മേരി എബ്രഹാം, ജയരാമൻ എ, സി.ബാബു പൊന്നമ്പാറ, അഷറഫ് എം പെരിങ്ങോം തുടങ്ങിയവർ സംസാരിച്ചു. പി. മുരളീധരൻ കരിവെള്ളൂർ, സുഭാഷ് ചീമേനി, എം.സുൽഫത്ത്, ടി.മാധവൻ തുടങ്ങിയവർ പ്രചരണ ജാഥക്ക് നേതൃത്വം നൽകി.
ചീമേനിയിലെ നിർദ്ദിഷ്ട ആണവനിലയ പദ്ധതി ഉപേക്ഷിക്കുക, ആണവാപകടബാധ്യത നയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക, സ്വകാര്യ ആണവ നിലയ സ്ഥാപനത്തിനായി കേന്ദ്ര ഗവർമെൻ്റ് അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രചാരണ ജാഥ.
ആദ്യദിനം പാടിച്ചാൽ, ചെറുപുഴ, വെള്ളരിക്കുണ്ട് , ഭീമനടി, കുന്നുംകൈ, നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ്, നടക്കാവ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തൃക്കരിപ്പൂരിൽ സമാപിച്ചു.
രണ്ടാം ദിവസം ഏപ്രിൽ 23ന്ന് പയ്യന്നൂരിൽ നിന്ന് തുടങ്ങുന്ന ജാഥ പെരുമ്പ, കോത്തായിമുക്ക്, കാങ്കോൽ, മാത്തിൽ, സ്വാമി മുക്ക്, ഓണക്കുന്ന്, കരിവെള്ളൂർ, വെള്ളച്ചാൽ, ചെമ്പ്രകാനം, പൊതാവൂർ, ചാനടുക്കം, വെളിച്ചംതോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം അഞ്ച് മണിക്ക് ചീമേനിയിൽ സമാപിക്കും.
ഏപ്രിൽ 26 നു ഉച്ചക്ക് രണ്ടു മണിക്ക് ചീമേനി ധർമ്മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനം ഡോ: സുരേന്ദ്ര ഗഡേക്കർ ഉൽഘാടനം ചെയ്യും. ഡോ: സാഗർധാര, ഡോ: സൗമ്യ ദത്ത , ഡോ: എസ്.പി.ഉദയകുമാർ, ഡോ: ഇ. എ. എസ്. ശർമ, ഡോ: എം.വി.രമണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആണവ വിരുദ്ധ പ്രവർത്തകർ രണ്ടു ദിവസവും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ഏപ്രിൽ 27 ന് വൈകുന്നേരം 4 മണിക്ക് ചീമേനി ടൗണിൽ പൊതുയോഗം നടക്കും.