ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും നടത്തി
പിലാത്തറ :
യുവ ഹോപ്പിന്റെ ആഭിമുഖ്യത്തിൽ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്, സെന്റ് ജോസഫ്സ് കോളേജ് പിലാത്തറ, വിറാസ് കോളേജ് വിളയാങ്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ യോജനയുടെ മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ച് ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു. പിലാത്തറ സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടിയിൽ പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ വിവിധ ഹൈസ്കൂളുകളിലെയും ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ഒട്ടേറെ കോളേജുകളിലെയും വിദ്യാർത്ഥികളും അധ്യാപകരവുമായി നിരവധി പേർ പങ്കെടുത്തു. കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ് റവ: ഡോ: ഡെന്നിസ് കുറപ്പശ്ശേരി ലഹരി മാഫിയക്കെതിരെയുള്ള തുടർപ്രതിരോധ പരിപാടികളും ബോധവൽക്കരണവും ചികിത്സയും ലക്ഷ്യമിടുന്ന ഈ പദ്ധതി വിജയിപ്പിക്കേണ്ടത് നാടിന്റെ നിലനിൽപ്പിന്റെ അനിവാര്യമായ ആവശ്യമാണെന്നും ഏവരുടെയും പിന്തുണ ഇതിനു ഉണ്ടാകണമെന്നും പറഞ്ഞു. ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം എം. വിജിൻ എം. എൽ. എ. യും പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും മുൻ എം എൽ എ ടി. വി. രാജേഷും ലഹരി വിരുദ്ധ പ്രതിജ്ഞ പയ്യന്നൂർ ഡി വൈ എസ് പി .കെ.വിനോദ് കുമാറും നിർവഹിച്ചു.
ലഹരിവസ്തുക്കളുടെ അടിമയായി കാൻസർ അവസാന ഘട്ടത്തിലെത്തി സ്വന്തം അമ്മ പോലും കയ്യൊഴിയുകയും പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്നും പരമാവധി ഒരു മാസത്തെ ആയുസ്സ് മാത്രമെന്ന വിധിയോടെ ഹോപ്പിൽ ഏറ്റെടുക്കുകയും തൊണ്ടയിലെ ഓപ്പറേഷനെത്തുടർന്ന് സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തുവെങ്കിലും തുടർചികിത്സയും സാന്ത്വന പരിചരണവും വഴി ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്ന രഞ്ജിത്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചെത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഹോപ്പ് പ്രസിഡന്റ് ഫാ: ജോർജ് പൈനാടത്ത് , സെന്റ് ജോസഫ്സ് കോളേജ് മാനേജർ ഫാ : രാജൻ ഫൗസ്റ്റോ, കോളേജ് പ്രിൻസിപ്പാൾ ഡോ: അബു ഇസഹാഖ്, പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സൈറൂ ഫിലിപ്പ് , പരിയാരം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ: ഇന്ദുകല, യുവ ഹോപ്പ് കോർഡിനേറ്റർ ഡോ: ഷാഹുൽ ഹമീദ്, ഹോപ്പ് സെക്രട്ടറി അഡ്വ: കെ. വി. ശശിധരൻ നമ്പ്യാർ, ഹോപ്പ് മാനേജിംഗ് ട്രസ്റ്റി , കെ. എസ്. ജയമോഹൻ എന്നിവർ സംസാരിച്ചു .
തുടർപ്രവർത്തനങ്ങൾ നവംബർ 5 മുതൽ ആരംഭിക്കുമെന്ന് കെ. എസ്സ്. ജയമോഹൻ അറിയിച്ചു .
