November 1, 2025

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

img_6686.jpg

കണ്ണൂര്‍: ക്ഷേമപെന്‍ഷന് പണം കണ്ടെത്താന്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിൽ നിന്ന് വീണ്ടും 2000 കോടി കടമെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വതവേ പ്രതിസന്ധിയിലുള്ള പ്രാഥമിക സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. പ്രാഥമികസഹകരണ ബാങ്കുകളില്‍ നിന്നും സൊസൈറ്റികളിൽ നിന്നും അമ്പതു മുതല്‍ എണ്‍പതു ശതമാനം വരെ നിക്ഷേപം മാറ്റി അതൊക്കെ ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ രൂപവത്കരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കൺസോർഷ്യത്തിന് വായ്പ നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ഇതേ ആവശ്യത്തിനു മുമ്പ് വാങ്ങിയ ആയിരക്കണക്കിനു കോടി രൂപ സഹകരണബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. ഒരുവര്‍ഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വായ്പ തിരിച്ചടക്കാതെ പലിശ മാത്രം നല്‍കി കാലാവധി നീട്ടുകയാണ് ചെയ്യുന്നത്. കൺസോർഷ്യത്തിലേക്ക് നല്‍കിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കും. സഹകരണബാങ്കുകളില്‍ നിക്ഷേപിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് അവരുടെ പണം യഥാസമയം പിന്‍വലിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. സഹകരണവകുപ്പുദ്യോഗസ്ഥര്‍ മുഖേന സഹകരണബാങ്കുകളിലെ നിക്ഷേപം ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് കണ്‍സോര്‍ഷ്യത്തിലേക്കു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സ്വതവേ കേരള ബാങ്ക് രൂപീകരണത്തോടെ പ്രതിസന്ധിയിലാണ് പ്രാഥമിക ബാങ്കുകൾ.
കോടിക്കണക്കിന് രൂപ ഓഹരി എടുത്ത പ്രാഥമിക സഹകരണ ബാങ്കുകൾക്ക് 5 വർഷമായിട്ട് ഒരു രൂപ പോലും ഡിവിഡൻറ് കൊടുത്തിട്ടില്ല. ഇക്കാരണത്താൽ തന്നെ പല സംഘങ്ങളും നഷ്ടത്തിലായി. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചപ്പോൾ ഉണ്ടായിരുന്ന സഞ്ചിത നഷ്ടം അഞ്ചു സാമ്പത്തിക വർഷം പിന്നിട്ടിട്ടും നികത്തിയിട്ടില്ല. കഴിഞ്ഞ വർഷം സഞ്ചിത നഷ്ടം മൂലധനത്തിന്റെ 18 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ജൂണിലെ കണക്ക് പ്രകാരം കേരള ബാങ്കിന്റെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 7,042 കോടി രൂപയാണ്.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സഹകരണബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപമെടുത്തുള്ള അഭ്യാസം സഹകരണമേഖലയെ തകര്‍ച്ചയിലേക്കു നയിക്കുമെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger