മണൽ മാഫിയ ബന്ധം പോലീസുകാരന് സസ്പെൻഷൻ
പഴയങ്ങാടി: മണൽ കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണ വിധേയനായ പോലീസ് ഡ്രൈവർക്ക് സസ്പെൻഷൻ.പഴയങ്ങാടി സ്റ്റേഷനിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്ന പയ്യന്നൂർ സ്വദേശി മിഥുൻ നെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. റൂറൽ ജില്ലാ പോലീസ് മേധാവി അനുജ്പലിവാൾ ഐ പി എസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരനെ സസ്പെൻ്റ് ചെയ്തത്. നേരത്തെ പയ്യന്നൂരിലും കെ എ പി വാഹനത്തിലും ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന ഇയാൾ ഇക്കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് പഴയങ്ങാടി സ്റ്റേഷനിൽ ഡ്രൈവറായി എത്തിയത്. രാത്രികാലങ്ങളിൽ മണൽ കടത്തു വ്യാപകമായിരുന്ന പഴയങ്ങാടി സ്റ്റേഷൻ പരിധിയിൽ സമീപകാലത്തായി മണൽ ലോറി പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കവും നടന്നിരുന്നു. ചൂട്ടാട്ട്, നീരൊഴുക്കുംചാൽഭാഗത്ത് വ്യാപകമായി മണൽ കടത്തു സംഘം വിലസുന്നതിന് പിന്നിൽ പോലീസിൻ്റെ രഹസ്യ നീക്കങ്ങൾ ചോർന്നുപോകുന്നതു മൂലമായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ എസ്. പി .യുടെ നേതൃത്വത്തിൽനടത്തിയ അന്വേഷണത്തിലാണ് പോലീസ് ഡ്രൈവർ സസ്പെൻഷനിലായത്.
