ടി പി യുടെ കൊലയാളികളെ പുറത്തിറക്കാൻ നീക്കം;
സർക്കാർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: അഡ്വ മാർട്ടിൻ ജോർജ്
കണ്ണൂർ: ടി.പി.ചന്ദ്രശഖരന്‍ വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കാൻ പിണറായി സർക്കാർ നടത്തുന്ന നീക്കങ്ങൾ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. പിണറായി സർക്കാരിൻ്റെ കാലാവധിക്കു മുമ്പ് ഈ കൊടുംക്രിമിനലുകളെ ശിക്ഷായിളവു നൽകി ജയിൽമോചിതരാക്കാൻ സർക്കാർ കുറുക്കുവഴി തേടുകയാണ്. ടിപി കേസിലെ പ്രതികള്‍ക്ക് വിടുതല്‍ നല്‍കുന്നതില്‍ സുരക്ഷാ പ്രശ്‌നമുണ്ടോ എന്ന് ആരാഞ്ഞ് സംസ്ഥാന ജയില്‍ ആസ്ഥാനത്ത് നിന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്തയച്ചത് ഇതിൻ്റെ ഭാഗം തന്നെയാണ്.
ടിപി കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പുറത്തിറങ്ങിയാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പറയേണ്ടത് ജയിലധികാരികൾ അല്ല, പോലീസ് ഇൻ്റലിജൻസ് ആണെന്ന് മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകേണ്ടത് പോലീസും ജില്ലാ ഭരണകൂടവുമൊക്കെയാണ്. ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് അല്ല ഇതുവരെ പോലീസ് നൽകിയിട്ടുള്ളത്. അതു കൊണ്ടാണ് ഇപ്പോൾ ജയിലുകളിൽ നിന്ന് ഇവർക്ക് അനുകൂലമായ റിപ്പോർട്ട് തരപ്പെടുത്തി അതിനെ മുൻനിർത്തി ഈ ക്രിമിനലുകളെ പുറത്തിറക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്.ജയിലിൽ കഴിയുമ്പോൾ തന്നെ ടി പി കേസ് പ്രതികൾക്ക് വഴിവിട്ട സൗകര്യങ്ങൾ നിർലോഭം പിണറായി സർക്കാർ നൽകിയിട്ടുണ്ട്. കൂടുതൽ സമയം ഇവരിൽ പലർക്കും പരോൾ നൽകിയിട്ടുണ്ട്. ജയിലിൽ കഴിയുമ്പോൾ തന്നെ പുറത്തെ പല കൊട്ടേഷൻ ഇടപാടുകളും ഇവർ നടത്തുന്നതിന്റെ എത്രയോ തെളിവുകൾ പുറത്തുവന്നിരുന്നു.51 വെട്ടു വെട്ടി ടി പി ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തിയവർക്കൊപ്പം തന്നെയാണ് ഈ സർക്കാരെന്ന് പിന്നെയും പിന്നെയും തെളിയിക്കുകയാണ്. ടി പി കേസിലെ പ്രതികൾ പൂർണമായും ശിക്ഷാ കാലയളവ് ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് കോടതി പ്രത്യേകം പറഞ്ഞതാണ്. അതിനെ ഗൗനിക്കാതെ ഈ ക്രിമിനലുകളെ പുറത്തിറക്കാനുള്ള സർക്കാരിൻ്റെ ഏതൊരു നീക്കത്തെയും പൊതു സമൂഹത്തെ മുൻ നിർത്തി പ്രതിരോധിക്കുമെന്ന് മാർട്ടിൻ ജോർജ് വ്യക്തമാക്കി.
