സ്വത്ത് തർക്കം മാതാവിനെ വധിക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ
കണ്ണൂർ: സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് വയോധികയായ മാതാവിനെ കഴുത്തിന് പിടിച്ച് ചുമരിൽ ചേർത്ത് തള്ളി അപായപ്പെടുത്താൻ ശ്രമം മകൻ പിടിയിൽ . കണ്ണൂർ എടച്ചൊവ്വയിലെ സി. വിവേകിനെ (49) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്.
എടച്ചൊവ്വയിലെ ശ്രീവിനായകയിൽ സി. ശീതള (73)യുടെ പരാതിയിലാണ് വധശ്രമത്തിന് മകനെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ പരാതിക്കാരി താമസിക്കുന്ന എടച്ചൊവ്വയിലെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് സംഭവം. വസ്തു തർക്കത്തെ തുടർന്ന് പരാതിക്കാരിയെ തടഞ്ഞു നിർത്തി മുഖത്തടിക്കുകയും കഴുത്തിന് പിടിച്ച് ചുമരിനു ചേർത്തു തളളാൻ ശ്രമിക്കുന്നതിനിടെ ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെട്ടുയെന്ന പരാതിയിലാണ് കേസെടുത്തത്. മുമ്പും സമാനമായ രീതിയിലുണ്ടായ സംഭവത്തിൽ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
