ആർപ്പുവിളികൾക്കിടയിൽ പാടിച്ചോനും വയൽക്കര വെങ്ങോട്ടും ജലരാജാക്കന്മാർ; വള്ളുവൻകടവ് വള്ളംകളിയിൽ ആവേശം നിറഞ്ഞു
മയ്യിൽ: വള്ളുവൻകടവിലെ ഓളപ്പരപ്പിൽ ആവേശം നിറച്ച് ഉത്തരമേഖലാ വള്ളുവൻകടവ് വള്ളംകളി മൽസരം സമാപിച്ചു. ആയിരങ്ങൾ സാക്ഷ്യം വഹിച്ച ജലോത്സവത്തിൽ പാടിച്ചോനും വയൽക്കര വെങ്ങോട്ടും ജലരാജാക്കന്മാർ
15 പേർ തുഴയുന്ന പുരുഷന്മാരുടെ ചുരുളൻ വള്ളംകളി മൽസരത്തിൽ ‘പാടിച്ചോൻ അച്ചാംതുരുത്ത്’ ജലരാജൻ പട്ടം നേടി. ന്യൂ ബ്രദേഴ്‌സ് മയ്യിച്ച രണ്ടും എ.കെ.ജി. മയ്യിച്ച മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ന്യൂ ബ്രദേഴ്‌സ മയ്യിച്ച, ഫൈറ്റിങ്ങ് സ്റ്റാർ കുറ്റിവയൽ, കൃഷ്ണപ്പിള്ള കാവുംചിറ, ഇ.എം.എസ്. മുഴക്കീൽ എന്നീ ടീമുകളും മൽസരരംഗത്തുണ്ടായിരുന്നു.
വനിതകളുടെ ചുരുളൻ വള്ളംകളിയിൽ (15 പേർ) പാടിച്ചോൻ അച്ചാംതുരുത്ത് ‘ജലറാണി’ പട്ടം സ്വന്തമാക്കി. വയൽക്കര വെങ്ങോട്ട് രണ്ടും വയൽക്കര മയ്യിച്ച മൂന്നും സ്ഥാനം പങ്കിട്ടു.
25 പേർ തുഴയെറിഞ്ഞ പുരുഷന്മാരുടെ ഫൈനൽ മൽസരത്തിൽ ‘വയൽക്കര വെങ്ങോട്ട്’ ഒന്നാം സ്ഥാനം നേടി. പാലിച്ചോൻ അച്ചാംതുരുത്തിന് രണ്ടും ന്യൂ ബ്രദേഴ്‌സിന് മൂന്നും സ്ഥാനം ലഭിച്ചു.
ആയിരങ്ങൾ സാക്ഷി:
അപൂർവമായി നടക്കുന്ന ഈ ജലോത്സവത്തിന് സാക്ഷിയാകാൻ കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള പുഴക്കരയിലേക്ക് അയൽ ജില്ലകളിൽ നിന്നുൾപ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
വിശാലമായ പുഴക്കരയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കെ.വി. സുമേഷ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ നടി സൗപർണ്ണിക സുഭാഷ്, ഡി.എസ്.സി. കമാണ്ടന്റ് കേണൽ പരംവീർ നാഗ്ര എന്നിവർ ചേർന്നാണ് വള്ളം കളി ഫ്ലാഗ് ഓഫ് ചെയ്തത്. സ്വാഗത സംഘം ചെയർമാൻ രാജൻ അഴീക്കോടൻ, പി.ശ്രുതി, കെ. അച്യുതൻ, കെ.വി. മുരളിമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മുന്നുവിഭാഗങ്ങളിലുമുള്ള ഒന്ന,് രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രം ക്യാഷ്‌പ്രൈസും ട്രോഫിയും സമ്മാനിച്ചു.
