November 2, 2025

മാലിന്യസംസ്കരണത്തിൽ വീഴ്ച; ഹോട്ടലുകൾക്ക് പിഴ

e303c4d5-14d3-464b-a6e1-0e2ff3992d41.jpg

കണ്ണൂർ: മാലിന്യസംസ്കരണ രംഗത്തെ നിയമലംഘനങ്ങൾക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശക്തമായ നടപടികൾ തുടങ്ങി. കതിരൂർ ഗ്രാമപഞ്ചായത്തിലെ പൊന്ന്യം സറാമ്പിയിൽ പ്രവർത്തിക്കുന്ന ദീപം ഹോട്ടലിന് പതിനഞ്ചായിരം രൂപ പിഴ ചുമത്തി.

മലിനജലം ഹോട്ടലിന് പിറകിലെ തോട്ടിലേക്ക് പൈപ്പ് വഴി ഒഴുക്കിവിട്ടതും മാലിന്യങ്ങൾ തരംതിരിക്കാതെ പരിസരത്ത് കൂട്ടിയിട്ടതും പഞ്ചായത്തിരാജ് ആക്ട് പ്രകാരമുള്ള നിയമലംഘനമായതിനാലാണ് നടപടി. ഹോട്ടലിലെ മലിനജല സംസ്കരണ സംവിധാനം പ്രവർത്തനരഹിതമാണെന്നും സ്ക്വാഡ് കണ്ടെത്തി.

അതേസമയം, ഇതേ ഹോട്ടലിലെ മാലിന്യം എരഞ്ഞോളി പഞ്ചായത്തിൽ ജലമലിനീകരണത്തിനും പൊതുജനാരോഗ്യത്തിനും ഭീഷണിയായ രീതിയിൽ അലക്ഷ്യമായി കൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി. കൂടുതൽ നടപടികൾ സ്വീകരിക്കാൻ എരഞ്ഞോളി ഗ്രാമപഞ്ചായത്തിനെ ജില്ലാ സ്ക്വാഡ് നിർദ്ദേശിക്കുകയും ചെയ്തു.

കൂടാതെ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ഇൻസിറനേറ്ററിൽ കത്തിച്ചതിനും നിരോധിത പേപ്പർ, വാഴയില പാക്കുകൾ സൂക്ഷിച്ചതിനും തലശ്ശേരി വീനസ് കോർണറിലെ ഹോട്ടൽ പേൾ വ്യൂവിന് പതിനഞ്ചായിരം രൂപ പിഴ ചുമത്തി. നിരോധിത ഗാർബേജ് ബാഗുകളിലാക്കിയ മാലിന്യം മുഴുവൻ ഇൻസിറനേറ്ററിൽ കത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ രഘുവരൻ ടി.വി., എൻഫോഴ്സ്മെന്റ് ഓഫീസർമാരായ അജയകുമാർ കെ.ആർ., പ്രവീൺ പി.എസ്., പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ദിനേഷ്, രമ്യ ഓ.ഇ., രമിഷ ഇ. എന്നിവർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger