വൃക്ക വാഗ്ദാനം; രോഗിയിൽ നിന്ന് ആറുലക്ഷം രൂപ തട്ടിയെന്ന് പരാതി
ഇരിട്ടി: വൃക്ക വാഗ്ദാനം ചെയ്ത് രോഗിയിൽ നിന്നു ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പട്ടാന്നൂർ സ്വദേശി ഷാനിഫ് (30) ആണ് തട്ടിപ്പിനിരയായത്.
വൃക്കരോഗിയായ ഷാനിഫിനെ “ഡോണറെ ലഭ്യമാക്കാം” എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത് എന്നാണ് ആറളം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. വീർപാട് സ്വദേശി നൗഫൽ എന്ന സത്താർ, നിബിൻ എന്ന അപ്പു, ഗഫൂർ എന്നിവർക്കെതിരെയാണ് പരാതി രജിസ്റ്റർ ചെയ്തത്.
2024 ഡിസംബറിൽ ആരംഭിച്ച് 2025 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്ക് വഴി നൽകിയതായും ഷാനിഫ് പരാതിയിൽ വ്യക്തമാക്കി. കൂട്ടുപ്രതി നിബിനെ ഡോണറായി പരിചയപ്പെടുത്തി പണം കൈപ്പറ്റിയെന്നാണ് പരാതി.
തട്ടിപ്പ് ആസൂത്രണം ചെയ്ത മുഖ്യപ്രതി നൗഫൽ ഒളിവിലാണ്. ആറളം എസ്.ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ വിവിധ ഭാഗങ്ങളിലും നൗഫൽ സമാനമായ വൃക്ക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആരും പരാതി നൽകാതെ മിണ്ടാതിരിയ്ക്കുന്നതാണ് ഇത്തരം തട്ടിപ്പുകാർക്ക് വളരാനുള്ള കാരണമെന്നു അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
