ജില്ലാ സ്കൂൾ കായികമേള: പയ്യന്നൂർ ഉപജില്ലയ്ക്ക് 16-ാം തവണയും കിരീടം; ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ സ്കൂൾ ജേതാക്കൾ
തലശ്ശേരി : ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ 16-ാം തവണയും പയ്യന്നൂർ ഉപജില്ല ചാമ്പ്യന്മാരായി. 27 സ്വർണവും 16 വെള്ളിയും 16 വെങ്കലുമായി 230 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 81.25 പോയിന്റുമായി (ഒൻപത് സ്വർണം, ഏഴ് വെള്ളി, ഒൻപത് വെങ്കലം) മട്ടന്നൂർ ഉപജില്ല രണ്ടാംസ്ഥാനവും 74 പോയന്റുമായി (ആറ് സ്വർണം, 10 വെള്ളി, 12 വെങ്കലം) ഇരിട്ടി മൂന്നാം സ്ഥാനവും നേടി. കണ്ണൂർ നോർത്ത് ഉപജില്ല നാലും ഇരിക്കൂർ ഉപജില്ല അഞ്ചും സ്ഥാനങ്ങളിലെത്തി.
സ്കൂളുകളിൽ 68 പോയിന്റുമായി ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ (11 സ്വർണം, നാല് വെള്ളി, ഒന്ന് വെങ്കലം) ജേതാക്കളായി. 51 പോയിന്റുമായി (എട്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം), മട്ടന്നൂർ എച്ച്എസ്എസ്, 35 പോയിന്റുമായി (ആറ് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം) എവിഎസ് ജിഎച്ച്എസ്എസ് കരിവെള്ളൂർ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. 33 പോയിന്റുകളോടെ സെയ്ന്റ് ജോസഫ് എച്ച്‌എസ് പേരാവൂർ നാലാംസ്ഥാനവും 31 പോയിന്റുകളോടെ ജിഎച്ച്എസ്എസ് മാത്തിൽ അഞ്ചാംസ്ഥാനവും നേടി.
94 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഇത്തവണ മേളയിൽ 22 റെക്കോഡുകളാണ് പിറന്നത്. സമാപനസമ്മേളനം തലശ്ശേരി നഗരസഭ ഉപാധ്യക്ഷൻ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ ഡി.ഷൈനി അധ്യക്ഷയായി. തലശ്ശേരി വിദ്യാഭ്യാസജില്ലാ ഓഫീസർ ശകുന്തള, കെ.എം.ശ്രീശൻ, ടി.വി.റാഷിദ, എ.പ്രശാന്ത്, എൻ.പി.ബിനീഷ് എന്നിവർ സംസാരിച്ചു.
മൂന്നാം ദിനം 10 റെക്കോഡുകൾ :* സബ് ജൂനിയർ ആൺ ഡിസ്കസ്‌ത്രോയിൽ കൂത്തുപറമ്പ് റാണി ജയ് എച്ച്എസ്എസിലെ വി.വി.മുഹമ്മദ് ജസാഹ് (35.15 മീറ്റർ). മറികടന്നത് 2015-ൽ സിഎച്ച്എം എച്ച്എസ്‌എസ് എളയാവൂരിലെ അർജുൻ സുനിൽകുമാറിന്റെ റെക്കോർഡ് (32.17). *സീനിയർ പെൺ മൂന്ന് കിമി നടത്തത്തിൽ മാത്തിൽ ജിഎച്ച്എഎസ്എസിലെ പി.വി.നിരഞ്ജന (15.26.44). മറികടന്നത് 2023-ൽ കണ്ണൂർ ജിവിഎച്ച്എസ്എസിലെ അനന്യ പോൾ നേടിയ റെക്കോർഡ് (17.45.75) *സീനിയർ ആൺ 400 മീറ്റർ ഹഡിൽസ് തോട്ടട എസ്‌എൻ ട്രസ്റ്റിലെ സങ്കീർത്ത് വിനോദ് (54.3 സെക്കൻഡ്). തിരുത്തിയത് 2024-ൽ പ്രാപ്പൊയിൽ ജിഎച്ച്എസ്എസിലെ അലൻ രാജേഷ് കുറിച്ച റെക്കോഡ് (57.27). * സീനിയർ ആൺ ട്രിപ്പിൾ ജംപിൽ സെയ്ന്റ് ജോസഫ്സ് പേരാവൂരിലെ ആൽബിൻ ഇമ്മാനുവൽ ഷൈജൻ (13.54 മീറ്റർ). 2014-ൽ കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസിലെ വി.രാഹുലിന്റെ റെക്കോഡ് (13.31) തിരുത്തി. * ജൂനിയർ ആൺ 400 മീറ്റർ ഹഡിൽസ് കരിവെള്ളൂർ എവിഎസ്ജി എച്ച്എസ്എസിലെ കെ.അഭിനവ് (58.04). മറികടന്നത് ജിഎച്ച്എസ്എസ് പ്രപ്പൊയിലിലെ അലൻ രാജേഷ് 2023-ൽ കുറിച്ച റെക്കോർഡ് (58.33 സെക്കൻഡ്). *സബ് ജൂനിയർ പെൺ ഡിസ്കസ് ത്രോ മമ്പറം എച്ച്‌എസ്എസിലെ ബി.കെ.അൻവിക (34.75 മീറ്റർ). 2023-ൽ മട്ടന്നൂർ എച്ച്‌എസ്എസിലെ ലാസിമ റഷീദിന്റെ റെക്കോഡാണ് (21.89 മീറ്റർ) മറികടന്നത്. *ജൂനിയർ ആൺ ടിപ്പിൾ ജംപ് ജിഎച്ച്എസ്എസ് പ്രപ്പൊയിലിലെ അഭിനവ് മനോജ് (13.01 മീറ്റർ). മറികടന്നത് തലശ്ശേരി നോർത്തിലെ ടി.മുഹമ്മദ് ഉവൈസിന്റെ 2011-ലെ റെക്കോർഡ് (12.90). *സബ് ജൂനിയർ 200 മീറ്റർ ആൺ തിരുവങ്ങാട് ജിഎച്ച്എസ്എസിലെ കെ.കെ.ഇഷാൻ (25.27 സെക്കൻഡ്). 2010-ൽ അടക്കാത്തോട് സെയ്ന്റ് ജോസഫ് എച്ച്‌എസി പി.എ.അനിറ്റിന്റെ റെക്കോഡ് (25.46) മറികടന്നു. * ജൂനിയർ 200 മീറ്റർ പെൺ തലശ്ശേരി സായിയിലെ ഇവാന ടോമി (25.16 സെക്കൻഡ്). 2015-ൽ സായിയുടെ ഡെൽന ഫിലിപ്പ് നേടിയ റെക്കോർഡ് (26.48) പഴങ്കഥയായി. * സീനിയർ 200 മീറ്റർ ആൺ മമ്പറം എച്ച്എസ് എസിലെ എ.എം. ഷാരോൺ കൃഷ്ണ (22.59 സെക്കൻഡ്). 2012-ൽ മൊറാഴ ജിഎച്ച്എസ്എസിലെ പി.പി.വിനീത് നേടിയ റെക്കോർഡ് (22.75) തിരുത്തി.
