പയ്യന്നൂർ പീസ് ഫോറം: പ്രഥമ പ്രതിഭ പുരസ്കാരം കെ.പി അഹമ്മദ് ഹാജിക്ക്

പയ്യന്നൂർ: പയ്യന്നൂർ എജ്യൂക്കേഷൻ ആൻ്റ് കൾച്ചറൽ എൻവയോൺമെൻ്റ് (പീസ് ) ഫോറം ഏർപ്പെടുത്തിയ പ്രഥമ പ്രതിഭാ പുരസ്കാരത്തിന് പൊതുപ്രവർത്തകനും സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യവുമായ രാമന്തളി സ്വദേശി കെ.പി അഹമ്മദ് ഹാജിയെ തിരഞ്ഞെടുത്തു. രാമന്തളി വടക്കുമ്പാട് സ്വദേശിയാണ്. രാമന്തളി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും, സി എച്ച് മുഹമ്മദ് കോയ ഹയർസെക്കൻ്ററി സ്കൂൾ മാനേജറായും, എം. സി ആൻറ് ഇ. സ്സ്. സൊസൈറ്റി പ്രസിഡണ്ടായും, രാമന്തളി വടക്കുമ്പാട് ഫാർമേഴ്സ് ബാങ്ക് ഡയറക്ടറായും, രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ആയും, രാമന്തളി യത്തീംഖാന കമ്മിറ്റി അംഗമായും, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അധ്യക്ഷനായും സേവനരംഗത്ത് ഉണ്ടായിരുന്നു. 50 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ പൊതു പ്രവർത്തന രംഗത്തെയും, സാമൂഹ്യ സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെയും സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാന വാരം പ്രമുഖരുടെ സാന്നിധ്യത്തിൽ രാമന്തളിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ പീസ് ഫോറം രക്ഷാധികാരി എസ്.കെ. പി അബ്ദുൽ ഖാദർ ഹാജി, ചെയർമാൻ കെ.പി രാജേന്ദ്രകുമാർ, കൺവീനർ റസാഖ് കടന്നപ്പള്ളി, പി.കെ ശബീർ, അഫ്സൽ രാമന്തളി, പി.എം ശുഹൈബ ടീച്ചർ, നവനീത് ഷാജി തുടങ്ങിയവർ സംബന്ധിച്ചു.