July 12, 2025

കണ്ണൂർ ആനപ്പന്തി സഹ. ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്: ജീവനക്കാരൻ ഒളിവിൽ

img_6403-1.jpg

കണ്ണൂർ:

സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. പണയം വച്ച 60 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി. കണ്ണൂർ ആനപ്പന്തി സർവീസ് സഹ. ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്. വ്യക്തികൾ ബാങ്കിൽ പണയം വെച്ച സ്വർണം എടുത്തുമാറ്റി പകരം മുക്കുപണ്ടം വെച്ച് 60 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. ബാങ്ക് കച്ചേരിക്കടവ് ശാഖയുടെ കാഷ്യർ സുധീർ തോമസ് ബാങ്കിൽനിന്ന്‌ മുങ്ങിയതായി കാണിച്ച്‌ ബാങ്ക് സെക്രട്ടറി അനീഷ് കുര്യൻ ഇരിട്ടി പോലീസിൽ പരാതി നൽകി. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 29-നാണ് പരാതിക്കിടയായ സംഭവം നടന്നത്. ബാങ്കിൽ പണയം വെച്ച സ്വർണാഭരണം തിരികെയെടുത്ത പ്രവാസിയായ ഇടപാടുകാരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തന്റെ പണയസ്വർണത്തിനു പകരം മുക്കുപണ്ടം വെച്ച് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഇതേത്തുടർന്ന് ബാങ്കിലെത്തി പരാതി നൽകുകയായിരുന്നു. ബാങ്ക് സെക്രട്ടറി അനീഷ് കുര്യൻ കച്ചേരിക്കടവ് ശാഖയിലെത്തി പണയ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് വൻ തട്ടിപ്പ് പുറത്തായത്. ഇതോടെ സുധീർ തോമസ് മുങ്ങിയതായാണ് അറിയുന്നത്. ഇതേത്തുടർന്ന് ബാങ്ക് സെക്രട്ടറി അനീഷ് കുര്യൻ കഴിഞ്ഞദിവസം ഇരിട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു

ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണൻ, അഡീ. എസ്ഐ ടി.ജി.അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുധീർ തോമസിന് പുറമെ തട്ടിപ്പു സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും ബാങ്കിലെ മറ്റ് ജീവനക്കാർക്കും ഇതിൽ പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന് സമീപത്തെ അക്ഷയ കേന്ദ്രം നടത്തിപ്പുകാരനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger