ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളി മത്സരം ഒക്ടോബർ രണ്ടിന് അഞ്ചരക്കണ്ടി പുഴയിൽ
സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ജില്ലയിൽ ഒക്ടോബർ രണ്ടിന് ഉച്ചക്ക് 2 മണി മുതൽ അഞ്ചരക്കണ്ടി പുഴയിൽ നടക്കും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി പി ആർ ഡി ചേമ്പറിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മമ്മാക്കുന്ന് പാലത്തിന് സമീപം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള അഞ്ചരക്കണ്ടി പുഴയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ജലമേള ആരംഭിക്കും.
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 15 ജലരാജാക്കന്മാരാണ് മത്സരത്തിൽ പങ്കെടുക്കുക.
എ.കെ.ജി പോടോത്തുരുത്തി എ ടീം, ബി ടീം, റെഡ്സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എ.കെ.ജി മയിച്ച, വയൽക്കര വെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇ.എം.എസ് മുഴക്കീൽ, നവോദയ മംഗലശേരി, സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് മേലൂർ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനതുകയായി നൽകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സ്പീക്കർ അഡ്വ. എ എൻ ഷംസീർ, രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളാകും.
പ്രാദേശിക ടൂറിസം മേഖലയുടെ ഉണർവ്വിനായി സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായി നടത്തി വരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം സംസ്ഥാനത്ത് ഇതുവരെയായി അഞ്ചാം തവണയും ജില്ലയിൽ രണ്ടാം തവണയുമാണ് നടത്തുന്നത്.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഡി ടി പി സി സെക്രട്ടറി ടി കെ സൂരജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
