റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാജബോംബ് ഭീഷണി. ഇന്നലെ രാത്രി 11.55 മണിയോടെയായിരുന്നു സംഭവം.പോലീസ് കൺട്രോൾ റൂം നമ്പറായ 112 -ൽ വിളിച്ചാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ വിളി വന്നത്. തുടർന്ന് സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് റെയിൽവേ സ്റ്റേഷനിൽ തിരച്ചിൽ നടത്തിയെങ്കിലും ബോംബോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല. ബോംബ് ഭീഷണി ഫോൺ വിളി വന്ന നമ്പർ പരിശോധിച്ച പോലീസ് ഫോൺ വിളി വന്നത്പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ നിന്നാണെന്ന് കണ്ടെത്തി. തുടർന്ന് പെരിങ്ങോം എസ്.ഐ.കെ. ഖദീജയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ തിരച്ചലിൽ പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ച് ബോംബ്ഭീഷണി അറിയിച്ചത് പെരുമ്പടവ് സ്വദേശി ഷാജി (53) യാണെന്ന് കണ്ടെത്തി. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. ഒരു രാത്രി മുഴുവനും പോലീസിനെ വട്ടം കറക്കിയ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി.
