കെ വി വേണുഗോപാലൻ സ്മാരക ഷട്ടിൽ ബാഡ്മിൻ്റൺ സിനാൻ, സുനിൽ ടീം ചാമ്പ്യൻമാർ
പയ്യന്നൂർ :
പയ്യന്നൂർ ഷട്ടിൽ ബാഡ്മിന്റൺ ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് കെ വി വേണുഗോപാലൻ മെമ്മോറിയൽ ഉത്തരകേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിൻ്റൻ ടൂർണ്ണമെൻ്റിൽ കണ്ണൂർ ജില്ലയിലെ സിനാൻ, സുനിൽ ടീം ചാമ്പ്യൻമാരായി. സജു, കീർത്തി ടീം രണ്ടാം സ്ഥാനം നേടി. വയനാട്ടിലെ അനീഷ്, ബിജു ടീമും മലപ്പുറത്തെ ഉമ്മർ, പ്രേംജിത്ത് ടീം സെമി ഫൈനലിസ്റ്റുകളുമായി.
പയ്യന്നൂർ സി ആർഎം ഇൻഡോർ കോർട്ടിൽ അകാലത്തിൽ കെ വി വേണുഗോപാലിൻ്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂർണമെൻ്റിൽ പൊലിഞ്ഞു പോയ ബാഡ്മിൻ്റൺ താരങ്ങളായിരുന്ന കെ പ്രകാശൻ, പി വി പ്രസാദ്, കെ മധുസൂദനൻ, എ പി അബ്ദുൾ സലാം ഹാജി, പി സതീശൻ എന്നിവരെയും ചടങ്ങിൽ അനുസ്മരിച്ചു. 90 + കമ്പയിൻഡ് എയ്ജ് വിഭാഗത്തിൽ നടത്തുന്ന ടൂർണ്ണമെന്റിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 7000 രൂപയും ട്രോഫിയും സെമി ഫൈനലിൽ എത്തുന്നവർക്ക് 2000 രൂപ വീതവും ട്രോഫിയും സമ്മാനമായി നൽകി. സമാപന പരിപാടിയിൽ കെ വി വേണുഗോപാലിൻ്റെ കുടുംബാംഗങ്ങൾ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
