അഴീക്കോട് മണ്ഡലത്തിലെ അഞ്ച് റോഡുകൾക്ക് 1.29 കോടി രൂപ അനുവദിച്ചു
കെ വി സുമേഷ് എംഎൽഎ സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ 1.29 കോടി (1,29,23,000) രൂപ അനുവദിച്ചു.
ജനങ്ങളും പഞ്ചായത്ത് ഭാരവാഹികളും ഉൾപ്പെടെ തീരദേശ റോഡുകളുടെ ശോചനീയാവസ്ഥ എം.എൽ.എയെ അറിയിച്ചതിനെ തുടർന്ന്, നേരത്തെ തന്നെ എംഎൽഎ സ്ഥലം സന്ദർശിക്കുകയും ഹാർബർ എൻജിനീയറിംഗ് വിഭാഗത്തോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് തുക അനുവദിച്ചത്.
ചിറക്കൽ മന്ന സാംസ്കാരിക നിലയം റോഡിന് 15.33 ലക്ഷം രൂപയും അഴീക്കോട് പഞ്ചായത്തിലെ പാപ്പിനിശ്ശേരി വാസുലാൽ കമ്പനി റോഡ് നവീകരണത്തിന് 27.10 ലക്ഷം രൂപയും, അഴീക്കോട് ഗ്രാമപഞ്ചായത്തിലെ തുരുത്തി സെറ്റിൽമെൻറ് കോളനി–മൊറോന്നുമ്മൽ റോഡിന് 35.40 ലക്ഷം രൂപയും അനുവദിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്തിലെ ചേലേരി മുക്ക്–കൊറ്റാളി വയൽ റോഡിന് 22.50 ലക്ഷം രൂപയും വളപട്ടണം ഗ്രാമപഞ്ചായത്തിലെ സുകുമാരൻ റോഡ് മുതൽ കേസ് പമ്പ് വരെയുള്ള ഭാഗത്തിന് 28.90 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.
