ജ്വല്ലറികളിൽനിന്നും ലക്ഷങ്ങളുടെ സ്വർണ്ണം വാങ്ങിവഞ്ചിച്ച മൈഗോൾഡ് ഉടമകൾക്കെതിരെ കേസ്

കണ്ണൂർ. കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വിൽപനക്കായി വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ച മട്ടന്നൂരിലെ മൈ ഗോൾഡ് സ്ഥാപന ഉടമകളായ നാലു പേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെ ഗ്ലോബൽ വില്ലേജിൽ പ്രവർത്തിച്ചു വരുന്ന പ്യുയർ ഗോൾഡ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ കെ.പി. മമ്മൂട്ടിയുടെ പരാതിയിലാണ് മട്ടന്നൂരിൽ ജ്വല്ലറി നടത്തി സ്ഥാപനം പൂട്ടി മുങ്ങിയ മൈ ഗോൾഡ് പാർട്ണർമാരായ സി. തഫ്സീർ , ഫാസില , ഹാജിറ , ഫഹദ് എന്നിവർക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ടൗൺ പോലീസ് കേസെടുത്തത്. പരാതിക്കാരൻ 2025 ആഗസ്റ്റ് 28 ന് പ്രതികൾ 324. 480 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ വിൽപനക്കായി വാങ്ങി വിലയായ 33, 40,000 രൂപയോ സ്വർണ്ണാഭരണങ്ങളോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
കണ്ണൂരിലെ സിഗ്നേച്ചർ ജ്വൽസ് എന്ന മറ്റൊരു സ്ഥാപനത്തിന്റെ ഉടമയായ മട്ടന്നൂർ എടയന്നൂരിലെ ടി.കെ.അബ്ദുൾ അസീസിന്റെ പരാതിയിലും മൈ ഗോൾഡ് ഉടമകൾ ഉൾപ്പെടെ ആറു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും സപ്തംബർ ഒന്നാം തീയതി പ്രതികൾ 26 ലക്ഷത്തിലധികം വില വരുന്ന 253. 260 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മൈഗോൾഡിലെ മുഴക്കുന്ന് പള്ളിക്കുന്നിലെ ഹാജറ, ഫാസില , തഫ്സീർ, ഹംസ, ഷമീർ, ഫഹദ് എന്നിവർവില്പനക്കായി കൊണ്ടുപോയ ശേഷം സ്വർണ്ണമോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.






