ക്രിമിനലുകൾക്ക് സിപിഎം സുരക്ഷാ കവചമൊരുക്കുന്നു: അഡ്വ : മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ കൊടുംക്രിമിനലിനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ സി പി എമ്മിൻ്റെ ക്രിമിനൽ മുഖം വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ ബാബുവിനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ ക്രിമിനലുകൾക്ക് പാർട്ടി സംരക്ഷണം നൽകുമെന്ന സന്ദേശമാണ് സി പി എം നൽകുന്നത്. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തപ്പോൾ ഇവരിലാർക്കും സി പി എമ്മുമായി ബന്ധമില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പറഞ്ഞത്. അന്ന് സംഭവസ്ഥലത്തു നിന്നും ബോംബ് നിർമാണ സാമഗ്രികളും അവശിഷ്ടങ്ങളും നീക്കി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അമൽ ബാബുവിനെ പ്രതി ചേർത്തത്. സി പി എമ്മുമായി ബന്ധമില്ലെന്ന് പാർട്ടി നേതൃത്വം പറഞ്ഞ ആളെ ഇപ്പോൾ മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുകയാണ്. അമൽ ബാബുവിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നുവെന്നാണ് സി പി എം നേതൃത്വം ഇപ്പോൾ പറയുന്നത്.
ബോംബ് സ്ഫോടനം നടന്ന് ഒന്നര വർഷം തികയും മുമ്പ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുമെന്ന പ്രഖ്യാപനമാണ് സി പി എം നടത്തിയിരിക്കുന്നത്. ക്രിമിനൽ പ്രവർത്തനങ്ങൾ പിടികൂടുമ്പോൾ താൽക്കാലികമായി തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കുന്ന സി പി എം അത്തരം ക്രിമിനലുകൾക്ക് എല്ലാ സംരക്ഷണവും നൽകുകയാണ്. പാർട്ടി നേതൃത്വത്തെ ഇത്തരം ക്രിമിനലുകൾ ബ്ലാക്ക് മെയിൽ ചെയ്ത് വരുതിയിൽ നിർത്തുകയാണ്.
നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ക്രിമിനൽ കൂട്ടങ്ങളെയാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി മുതലങ്ങോട്ട് ഭാരവാഹികളാക്കുന്നത്. ബോംബ് നിർമാണവും ആയുധ പരിശീലനവുമൊക്കെ നടത്തുന്നതിൽ വൈദഗ്ധ്യം നേടിയവരെ പാർട്ടി ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ അവരോധിക്കുന്നതിൽ നിന്നും സിപിഎമ്മിൻ്റെ ഭീകരമുഖമാണ് പ്രകടമാകുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.