കനത്ത മഴ, പാലത്തിൽ വെള്ളം കയറി ഓട്ടോ ഒലിച്ചുപോയി; മുളയിൽ പിടിച്ച് യാത്രക്കാരൻ, സാഹസികമായി രക്ഷപ്പെടുത്തി

കണ്ണൂർ ഉളിക്കൽ വയത്തൂർ പാലത്തിൽ വെള്ളം കയറി പാലത്തിലൂടെ പോകുകയായിരുന്ന ഓട്ടോ ടാക്സി ഒലിച്ചുപോയി. വാഹനത്തിലുണ്ടായിരുന്ന മണിപ്പാറ പെരുമ്പള്ളിയിലെ ജോസ് കുഞ്ഞ്, അജിലേഷ്, അഭിലാഷ് എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.
പുഴ കരകവിഞ്ഞ് പാലത്തിൽ വെള്ളം കയറിയിരുന്നു. പാലത്തിലൂടെ പോകവെ ടാക്സി പുഴയിലേക്ക് മറിഞ്ഞു. നീന്തി രക്ഷപ്പെട്ട ഡ്രൈവർ സമീപത്തെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും ഒരാൾ മുളയിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഒഴുകിപ്പോകുകയായിരുന്ന മൂന്നാമത്തെ ആളെയും നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും സാരമായ പരുക്കുകളില്ല.