വീട്ടിൽ നിന്നും 30 പവനും 4 ലക്ഷവും കവർന്നു
ഇരിക്കൂർ: വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 30 പവനും നാല് ലക്ഷം രൂപയും കവർന്നു. കല്യാട് ചുങ്കസ്ഥാനത്തെ അച്ചുമാൻ പുരയിലെ കെ.സി. സുമതയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാവിലെ 9.30 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിലാണ് മോഷണം നടന്നത്. വീടുപൂട്ടി താക്കോൽ മുറ്റത്തെ ചവിട്ടിയുടെ അടിയിൽ സൂക്ഷിച്ചതായിരുന്നു. വീടു തുറന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും കവർന്നു.
തുടർന്ന് വീട്ടുടമ ഇരിക്കൂർപോലീസിൽ പരാതി നൽകി. 22 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
