പുസ്തക പ്രകാശനം

എടക്കാട്: ഭാഷയിലെ സാധാരണ വാക്കുകൾ കൊണ്ട് അസാധാരണമായ പ്രപഞ്ചബോധത്തെ പകർത്തി വെക്കുന്നവരാണ് പ്രതിഭാധനരായ എഴുത്തുകാരെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്തുംകടവ് അഭിപ്രായപ്പെട്ടു.
സന്തോഷ് എൻ.പി മുഴപ്പിലങ്ങാടിന്റെ കഥാസമാഹാരം ഒറ്റയാൾ തുരുത്ത് എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുറ്റും ജീവിക്കുന്ന മനുഷ്യരെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും സഹായിക്കുന്നു എന്നതാണ് സാഹിത്യം നിർവഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. വാക്കുകളെ ഉത്തരവാദിത്തത്തോടെ സമീപിക്കുകയും സാധാരണ കാഴ്ചക്കപ്പുറമുള്ള സൂക്ഷ്മമായ നോട്ടത്തിലൂടെ അനേക കാലങ്ങളിലേക്ക് സഞ്ചരിക്കാൻ പ്രാപ്തമാക്കുകയുമാണ് എഴുത്തുകാർ ചെയ്യേണ്ടത്- ശിഹാബുദ്ദീൻ പറഞ്ഞു.
ചിത്രകാരൻ കെ.എം ശിവകൃഷ്ണൻ കൃതിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. എ വൽസലൻ അധ്യക്ഷത വഹിച്ചു. ടി.വി വിശ്വനാഥൻ പുസ്തകം പരിചയപ്പെടുത്തി. സതീശൻ മോറായി, കെ.വി ജയരാജൻ, പി പ്രമീള, വി. ഗീത പ്രകാശ്, എം.കെ അബൂബക്കർ എന്നിവർ സംസാരിച്ചു. സന്തോഷ് എൻ.പി മുഴപ്പിലങ്ങാട് മറുമൊഴി നടത്തി. അബ്ദുൽകരീം സ്വാഗതം പറഞ്ഞു.