ആശുപത്രിയിലെ നിരീക്ഷണ ക്യാമറയും ഓഫീസിൻ്റെ പൂട്ടും തകർത്ത 33 പേർക്കെതിരെ കേസ്
പയ്യന്നൂർ. ആശുപത്രിയിൽ അതിക്രമിച്ച് കയറി നിരീക്ഷണ ക്യാമറയും ഓഫീസിൻ്റെ പൂട്ടും തകർത്ത സംഭവത്തിൽ പരാതിയിൽ 33 പേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ പ്രിയദർശിനി മെമ്മോറിയൽ മെഡിക്കൽ ആൻ്റ് എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രിയദർശിനി ആശുപത്രി ചെയർമാനായ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ കെ.വി.മോഹനൻ്റെ പരാതിയിലാണ് പയ്യന്നൂരിലെ കോൺഗ്രസ് നേതാവ് കെ. ജയരാജൻ, തായിനേരിയിലെ കെ. കെ. വിനോദ് കുമാർ, എം. നാരായണൻ എന്നിവർക്കും കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. ആശുപത്രിയിൽ അതിക്രമിച്ച് കയറിയ സംഘം നിരീക്ഷണ ക്യാമറകൾ തകർക്കുകയും ഓഫീസിൻ്റെ പൂട്ട് തകർക്കുകയും ചെയ്തതിൽ 20,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.
