ഗാന്ധിജിയുടെ നാട്ടിൽ ഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലാനുള്ള ശ്രമം -ടി. പത്മനാഭൻ
ഇരിട്ടി : എന്റെ മതം സത്യമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ മഹാത്മാഗാന്ധിയെ സ്വന്തം നാട്ടിൽ വീണ്ടും വീണ്ടും ഇല്ലാതാക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമമാണ് ഭരണകൂടങ്ങളിൽനിന്നും ഉണ്ടാകുന്നതെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. ഉളിയിൽ ഗവ. യുപി സ്‌കൂളിൽ മഹാത്മാവിന്റെ പാതയിൽ എന്ന ഗാന്ധിജയന്തി പരിപാടിയോടനുബന്ധിച്ച് സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളുടെ വീടുകളിലേക്കും സൗജന്യമായി ഗാന്ധിജിയുടെ ആത്മകഥ നൽകുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
‘ നമ്മുടെ ഭരണാധികാരികൾ ചരിത്രത്തിൽനിന്നും ഗാന്ധിജിയെ മായ്ച്ചുകളയാൻ പല സന്ദർഭങ്ങളും ഉപയോഗിക്കുന്നു. ഗാന്ധിജിക്ക് വിദ്യഭ്യാസം കുറവായിരുന്നുവെന്ന ദുഷ്‌പ്രചാരണമാണ് ഇവർ നടത്തുന്നത്. സ്നേഹത്തിന്റെയും സത്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമാണ് ഗാന്ധിജി ഇന്ത്യയിൽനിന്നും ഇംഗ്ലണ്ടിൽനിന്നുമായി പഠിച്ചത്. ദൈവം സത്യമാണെന്ന് പറഞ്ഞ മഹാപുരുഷനെ വിണ്ടും വീണ്ടും ഇല്ലാതാക്കുകയാണ് അഭിനവ ഗോഡ്സെമാരെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ 526 വിദ്യാർഥികളുടെ വീടുകളിലേക്കുള്ള ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകം വിതരണം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷയായി. എഇഒ സി.കെ. സത്യൻ, ബിപിസി കെ. നിഷാന്ത്, നഗരസഭാ അംഗങ്ങളായ അബ്ദുൾഖാദർ കോമ്പിൽ, പി. ഫൈസൽ, യു.കെ. ഫത്തിമ, പിടിഎ പ്രസിഡന്റ് സി. ഇസ്മായിൽ, എസ്എംസി ചെയർമാൻ കെ. സുരേഷ് ബാബു, പ്രഥമാധ്യാപകൻ എം.പി. സിറാജുദീൻ, കെ.പി. സാബിറ എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ ആത്മകഥയെ ആസ്പദമാക്കി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ക്വിസ് മൽസരം നടത്തുമെന്നും സ്കൂൾ പ്രഥമാധ്യാപകൻ അറിയിച്ചു.
