17കാരിയായ മകളോട് അച്ഛന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു, ബന്ധുവായ 10 വയസുകാരിയ്ക്ക് നേരെയും ആക്രമണം

കാസർകോട്: പനത്തടി പാറക്കടവിൽ ഭീതിജനകമായ ആസിഡ് ആക്രമണം നടന്നു. സ്വന്തം 17 വയസുകാരി മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് പിതാവ് ക്രൂരമായി ആസിഡ് ഒഴിച്ചു.
കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പനത്തടി പാറക്കടവിലെ ബന്ധുവീട്ടിലാണ് സംഭവം നടന്നത്. റബർ ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് ഇയാൾ കുട്ടികളുടെ മേൽ ഒഴിച്ചത്.
മകൾക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റപ്പോൾ, 10 വയസുകാരിക്ക് മുഖത്തടക്കം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയതായി റിപ്പോർട്ട്.
രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകൾ പ്രകാരമാണ് മനോജിനെതിരെ കേസ്. ഇയാൾക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
ഭാര്യയുമായി ഏറെ നാളായി പിണങ്ങി താമസിക്കുകയായിരുന്ന മനോജ്, മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനെ തുടർന്ന് ഭാര്യ മാറി താമസിക്കുകയായിരുന്നു. ഇതിനെത്തുടർന്നുണ്ടായ വിരോധമാണ് ഇയാളെ ക്രൂരാക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പ്രാഥമികമായി കരുതുന്നു.