ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് വിഷു; നാടെങ്ങും ആഘോഷ നിറവിൽ

Screenshot
കണ്ണൂർ: കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായ വിഷു ആഘോഷിച്ച് മലയാളികൾ. കണിക്കൊന്നയും കണിവെള്ളരിയും ഒരുക്കി, വിഷുക്കൈനീട്ടവും വിഷുസദ്യയുമായി നാടെങ്ങും ഈ വിളവെടുപ്പുത്സവം ആഘോഷത്തിമർപ്പിലാണ്.
വിഷുക്കണിയും കൈനീട്ടവും:
‘വിഷുവം’ എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. പുലർച്ചെ നിലവിളക്കിന്റെ വെളിച്ചത്തിൽ ശ്രീകൃഷ്ണ വിഗ്രഹവും കണിക്കൊന്നയും സ്വർണ്ണവും ഫലവർഗ്ഗങ്ങളും അടങ്ങിയ വിഷുക്കണി കണ്ടാണ് മലയാളികൾ ഈ ദിവസം ആരംഭിക്കുന്നത്. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരി, നെല്ല്, അലക്കിയ കോടിമുണ്ട്, സ്വർണ്ണം, വാൽക്കണ്ണാടി, കണിവെള്ളരി, പഴുത്ത അടയ്ക്ക, വെറ്റില, കണ്മഷി, കുങ്കുമം, നാരങ്ങ തുടങ്ങിയവ ഒരുക്കിവെച്ചാണ് പരമ്പരാഗതമായി വിഷുക്കണി തയ്യാറാക്കുന്നത്. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകും. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി നാണയങ്ങളായിരുന്നു കൈനീട്ടമായി നൽകിയിരുന്നത്.
കാർഷിക പാരമ്പര്യം:
ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ, വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് വിഷു ആചരിക്കുന്നത്. വിഷു സദ്യക്ക് മുൻപായി നിലം ഉഴുതുമറിച്ച് ചാലിടീൽ നടത്തുന്ന പതിവുമുണ്ട്. സദ്യ കഴിഞ്ഞ് കൈക്കോട്ട് കഴുകി കുറി വരച്ച് വീടിൻറെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് കൊത്തിക്കിളച്ച് കുഴിയെടുത്ത് നവധാന്യങ്ങൾ വിതക്കുന്നു. വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന കാർഷിക ആചാരങ്ങളാണ്. നാണയമില്ലാതെ കച്ചവടം നടത്തിയിരുന്ന പഴയകാലത്തിൻറെ ഓർമപുതുക്കലായി മാറ്റച്ചന്തകളും ഈ സമയത്ത് സജീവമാകാറുണ്ട്.
വിശ്വാസങ്ങളും ഐതിഹ്യവും:
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നും, രാവണന് മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണിതെന്നും വ്യത്യസ്ത ഐതിഹ്യങ്ങൾ വിഷുവുമായി ബന്ധപ്പെട്ടുണ്ട്. രാവണൻറെ കൊട്ടാരത്തിൽ വെയിൽ തട്ടിയത് ഇഷ്ടപ്പെടാതെ സൂര്യൻ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും, രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതെന്നും അത് വിഷുവായി ആഘോഷിക്കുന്നുവെന്നും മറ്റൊരു വിശ്വാസവുമുണ്ട്.
ഏത് കടുത്ത വേനലിലും നിറയെ പൂത്തുനിൽക്കുന്ന കണിക്കൊന്ന നൽകുന്നത് വലിയൊരു പ്രതീക്ഷയാണ്. കഷ്ടതയുടെ കാലം മാറി വരാനിരിക്കുന്ന സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിൻറെയും പുലരിക്കായുള്ള പ്രതീക്ഷ.







