അംഗീകാരത്തിന്റെ തിളക്കത്തിൽ കൂടാളി എച്ച്.എസ്.എസ്; തുടർച്ചയായി രണ്ടാം തവണയും സി.എം ഷീൽഡ് പുരസ്കാരം

കൂടാളി: കണ്ണൂർ ജില്ലയിലെ മികച്ച റോവർ ആൻഡ് റേഞ്ചർ യൂണിറ്റിനുള്ള മുഖ്യമന്ത്രിയുടെ സി.എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും കൂടാളി ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. മികച്ച സാമൂഹിക പ്രവർത്തനങ്ങളും വിദ്യാർത്ഥികളിലെ വ്യക്തിത്വ രൂപീകരണത്തിന് നൽകുന്ന മുൻഗണനയുമാണ് സ്കൂളിനെ വീണ്ടും ഈ ഉന്നത പുരസ്കാരത്തിന് അർഹമാക്കിയത്.
2023-ൽ പ്രവർത്തനം ആരംഭിച്ച ഈ യൂണിറ്റ്, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷവും ജില്ലയിലെ മികച്ച യൂണിറ്റായി കൂടാളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്കൗട്ടിംഗിലെ ഏറ്റവും ഉയർന്ന വിഭാഗമായ റോവർ ആൻഡ് റേഞ്ചറിൽ 12 ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് ഉള്ളത്.
റോവർ സ്കൗട്ട് ലീഡർ ഒ.വി. നിതീഷ്, റെയിഞ്ചർ ലീഡർ കെ.ടി. വിനീത എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. സ്കൂളിനും നാടിനും അഭിമാനമായി മാറിയ റോവർ ആൻഡ് റേഞ്ചർ അംഗങ്ങളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എയും നാട്ടുകാരും അഭിനന്ദിച്ചു.







