മാലിന്യം കത്തിച്ചു; ഹോട്ടലിന് 15,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ്

കീഴല്ലൂർ: മാലിന്യ സംസ്കരണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് കീഴല്ലൂർ പഞ്ചായത്ത് പരിധിയിലെ ഹോട്ടലിനും വ്യാപാര സ്ഥാപനത്തിനുമെതിരെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ നടപടി. വായന്തോട്ടെ ‘സെനോറ സ്യൂട്ട്സ്’ എന്ന സ്ഥാപനത്തിന് 15,000 രൂപ പിഴ ചുമത്തി.
ഹോട്ടലിൽ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ തൊട്ടടുത്ത പറമ്പിൽ കൂട്ടിയിട്ടതായും ജീവനക്കാരുടെ താമസസ്ഥലത്തിന് സമീപം വെച്ച് കത്തിച്ചതായും സ്ക്വാഡ് കണ്ടെത്തി. കൂടാതെ, ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ഉണ്ടാക്കിയ കമ്പോസ്റ്റ് കുഴിയിൽ വൻതോതിൽ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിച്ചതായും പരിശോധനയിൽ തെളിഞ്ഞു. മാലിന്യം കത്തിക്കാൻ ഉണ്ടാക്കിയ പ്രത്യേക നിർമ്മിതി പൊളിച്ചുമാറ്റാനും, നിലവിലുള്ള മാലിന്യങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യാനും ഉടമയ്ക്ക് കർശന നിർദ്ദേശം നൽകി.
വായന്തോട്ടിലെ തന്നെ ‘ആർ.എം.എസ് ഫ്രൂട്ട്സി’നും മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാത്തതിന് 2,500 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ജില്ലാ എൻഫോഴ്സ്‌മെന്റ് ടീമിലെ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ എ.എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.







