എരുമയുടെ കൊമ്പിനുള്ളിൽ കുട്ടിയുടെ തല കുടുങ്ങി; ഒടുവിൽ ഫയർഫോഴ്‌സ് രക്ഷകരായി!

കണ്ണൂർ: നഗരമധ്യത്തിൽ ജനങ്ങളെയും വഴിയാത്രക്കാരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവത്തിൽ എരുമക്കുട്ടിക്ക് രക്ഷകരായി കണ്ണൂർ ഫയർഫോഴ്‌സ്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അസാധാരണമായ ഈ സംഭവം നടന്നത്. എരുമയുടെ വളഞ്ഞ കൊമ്പിനുള്ളിൽ കുട്ടിയുടെ തലയും കഴുത്തും കുടുങ്ങിപ്പോവുകയായിരുന്നു.
തല പുറത്തെടുക്കാൻ കഴിയാതെ എരുമക്കുട്ടി ശ്വാസം മുട്ടി പിടഞ്ഞതോടെ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം സങ്കീർണ്ണമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. സാധാരണ നിലയിൽ തല വേർപെടുത്താൻ സാധിക്കില്ലെന്ന് കണ്ടതോടെ, എരുമയുടെ കൊമ്പിന്റെ അഗ്രഭാഗം മുറിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു.
അതിവിദഗ്ദ്ധമായി കൊമ്പ് മുറിച്ചുമാറ്റിയതോടെയാണ് എരുമക്കുട്ടിയുടെ കഴുത്ത് പുറത്തെടുക്കാനായത്. കണ്ണൂർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ.പി. വൈശാഖ്, വിജോയ് പത്രോസ്, വിഷ്ണു, ഹോംഗാർഡ് സുകേഷ് എന്നിവർ ചേർന്നാണ് ഈ രക്ഷാദൗത്യം പൂർത്തിയാക്കിയത്.







