പയ്യാമ്പലം കൊലപാതകക്കേസ്; പ്രതി കുറ്റക്കാരൻ! ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

തലശ്ശേരി: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയായ പി.എം. ഷൈജുവിനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ടിറ്റി ജോർജ് മുമ്പാകെയാണ് വിചാരണ നടന്നത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 4-ന് (ബുധനാഴ്ച) കോടതി പ്രഖ്യാപിക്കും.
എറണാകുളം വൈപ്പിൻ സ്വദേശിയും പയ്യാമ്പലത്തെ പറമ്പ് കാവൽക്കാരനുമായ വിനായകന്റെ മകൻ എം.വി. ശ്രീഗുരു (44) ആണ് കേസിലെ പ്രതി. 2018 ഡിസംബർ 13-നായിരുന്നു സംഭവം. ചാലാട് മുള്ളങ്കണ്ടി എരത്താൻകണ്ടി വീട്ടിൽ ഭരതന്റെ മകൻ പി.എം. ഷൈജു (41) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കുറ്റപത്രം. ഷെഡിൽ സൂക്ഷിച്ചിരുന്ന മരവടി കൊണ്ട് മർദ്ദനമേറ്റ ഷൈജുവിനെ അബോധാവസ്ഥയിൽ പള്ളിയാംമൂലയിലെ ആൾപാർപ്പില്ലാത്ത പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഷൈജു മരണപ്പെട്ടത്.
കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പോലീസ് ഓഫീസർമാരായ ടി.കെ. രത്നകുമാർ, പി.കെ. ദിനേഷ് കുമാർ, അനീഷ് കുമാർ, ശ്രീജിത്ത് കൊടേരി, ഷിമ പി.വി., ഷാലി റൊസാരിയോ, രാജേഷ് പി. അരുൺ എന്നിവരും ഡോ. ബിന്ദു, ഡോ. ബിലാൽ ബി.പി., ഡോ. രേഗിന കെ.ബി., ഡോ. പ്രിയ, സയന്റിഫിക് ഓഫീസർ ശ്രുതി ലേഖ കെ.എസ്., കോർപ്പറേഷൻ ഉദ്യോഗസ്ഥ രമണി, വില്ലേജ് ഓഫീസർ സി. ദിലീപൻ, കെ.പി. രഞ്ചിത്ത് കുമാർ, സചീന്ദ്ര കുമാർ വി., ശ്രീരാഗ് കെ.എം., ഷാജി ടി.പി., ശാരദ പി., സജിത്ത് കെ. തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി.എസ്. ജയശ്രീ ഹാജരായി.







