ദേശീയ നൃത്തോത്സവം ‘ശിശിരോത്സവം-2026’ പയ്യന്നൂരിൽ; ഉത്തരേന്ത്യൻ കലാരൂപങ്ങൾ ഗാന്ധി പാർക്കിൽ അരങ്ങേറും

പയ്യന്നൂർ: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും വോയ്‌സ് ഓഫ് പയ്യന്നൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ‘ശിശിരോത്സവം – 2026’ ഫെബ്രുവരി 8, 9 തീയതികളിൽ പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കും. വൈകുന്നേരം 6.30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുപതോളം പ്രമുഖ കലാകാരന്മാരാണ് തങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങളുമായി പയ്യന്നൂരിലെത്തുന്നത്. പയ്യന്നൂരിൽ ഇതുവരെ അവതരിപ്പിക്കാത്ത അപൂർവ്വമായ ഉത്തരേന്ത്യൻ കലാരൂപങ്ങൾ നേരിട്ട് കാണാനുള്ള അവസരമാണിത്.
പരിപാടികളുടെ വിശദവിവരങ്ങൾ:
• ഫെബ്രുവരി 8: വൈകുന്നേരം 6.30-ന് ഉദ്ഘാടന സമ്മേളനം. തുടർന്ന് ഹിമാചൽ പ്രദേശിൽ നിന്നുള്ള സിർമൗരി, രാസ നൃത്തം, ദീപക് നൃത്തം, ലാബ്ര നൃത്തം എന്നിവ അരങ്ങേറും.
• ഫെബ്രുവരി 9: വൈകുന്നേരം 7.00 മണി മുതൽ ഗുജറാത്തിലെ ‘സിദ്ധി ധമൽ’, ഛത്തീസ്ഗഡിലെ ‘കക്സർ’, ‘ഗെഡി’ നൃത്തം, പശ്ചിമ ബംഗാളിലെ വിശ്വപ്രസിദ്ധമായ ‘പുരുളിയ ചൗ’ എന്നിവ അവതരിപ്പിക്കും.
നൃത്തോത്സവത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. പയ്യന്നൂരിന്റെ സാംസ്‌കാരിക ചരിത്രത്തിൽ വേറിട്ടൊരു അനുഭവമായി മാറുന്ന ഈ പരിപാടിയിലേക്ക് മുഴുവൻ കലാസ്വാദകരെയും സംഘാടകർ സ്വാഗതം ചെയ്തു.







