ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു

ഇരിട്ടി: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. വീരാജ്പേട്ട പള്ളിയൽതൊടിയിൽ പി.എം. മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ബന്ധുവീട്ടിൽ വെച്ച് മരണപ്പെട്ടത്.
വീരാജ്പേട്ടയിൽ നിന്ന് തൊട്ടിപ്പാലത്തെ ഭർത്തൃസഹോദരിയുടെ വീട്ടിലേക്ക് ശനിയാഴ്ച വിരുന്നിനെത്തിയതായിരുന്നു മുബഷീറ. ഞായറാഴ്ച രാത്രിയോടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീരാജ്പേട്ട പള്ളിയൽതൊടിയിൽ മൊയ്തീൻ – സുബൈദ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: എ.എ. മുഹമ്മദ് റിയാസ് (പൊന്നപ്പസന്ത).
മകൾ: ഫാത്തിമ നൈസ (ഒന്നര വയസ്സ്).
ഖബറടക്കം ഇന്ന് വൈകിട്ട് വീരാജ്പേട്ട പൊന്നപ്പസന്ത ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.







