മോഷണശ്രമത്തിനിടെ യുവാവിനെ കൈയോടെ പിടികൂടി നാട്ടുകാർ!

തളിപ്പറമ്പ്: തളിപ്പറമ്പ് കീഴാറ്റൂരിൽ ജനവാസ മേഖലയിലെ വീട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപത്തെ പി.വി. വിനോദ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കൊല്ലം സ്വദേശി എസ്. ശിവൻ (35) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
വീടിന്റെ പിൻഭാഗത്ത് നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. വീടിന്റെ പിൻവാതിൽ ഇൻ്റർലോക്ക് കട്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും തളിപ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി തളിപ്പറമ്പ്, പട്ടുവം, കൂവേരി മേഖലകളിൽ മോഷണശ്രമങ്ങൾ വർധിച്ചുവരികയാണ്. പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കവർച്ചകൾ നടന്നിരുന്നു. പിടിയിലായ ശിവന് ഈ കേസുകളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.







