“വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധം; പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറുന്നു”പയ്യന്നൂർ വിവാദത്തിൽ കടുത്ത നിലപാടുമായി സി.പി.ഐ.എം ജില്ലാ നേതൃത്വം.

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ പൂർണ്ണമായും തള്ളി സി.പി.എം ജില്ലാ കമ്മിറ്റി. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം വാസ്തവ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും സി.പി.എം ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു.
പാർട്ടി വിശദീകരണം ഇങ്ങനെ:
• ധനാപഹരണം നടന്നിട്ടില്ല: വർഷങ്ങൾക്ക് മുൻപ് ഉയർന്നുവന്ന പരാതികൾ പാർട്ടി കൃത്യമായി അന്വേഷിച്ചതാണ്. സമയബന്ധിതമായി കണക്കുകൾ അവതരിപ്പിക്കുന്നതിൽ വന്ന വീഴ്ചയല്ലാതെ വ്യക്തിപരമായ ധനാപഹരണം ആരും നടത്തിയിട്ടില്ലെന്ന് കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
• നടപടികൾ സ്വീകരിച്ചു: 2021-ലെ ആക്ഷേപങ്ങളെത്തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി കമ്മീഷനെ നിയോഗിക്കുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനാ നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ്. ഈ തീരുമാനങ്ങളിൽ കുഞ്ഞികൃഷ്ണനും പങ്കാളിയായിരുന്നു.
• തെറ്റ് സമ്മതിച്ചിരുന്നു: വിഭാഗീയ ലക്ഷ്യങ്ങളോടെ ആരോപണങ്ങൾ ഉന്നയിച്ചതിന് കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ, എട്ടു മാസം മുൻപ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചിരുന്നതായും പാർട്ടി വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ ശത്രുക്കൾക്ക് പാർട്ടിയെ കടന്നാക്രമിക്കാൻ ആയുധം നൽകുന്ന കുഞ്ഞികൃഷ്ണന്റെ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.







