തോട്ടട ഐ.ടി.ഐയിൽ അക്രമം: കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: തോട്ടട ഐ.ടി.ഐയിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് പരിക്കേറ്റു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് പ്രകീർത്ത് മുണ്ടേരി, ശ്രീരാഗ് വലിയന്നൂർ എന്നിവർക്കാണ് പരിക്കേറ്റത്. വടിയും കല്ലും ഉപയോഗിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു.
പരിക്കേറ്റ എം.സി. അതുൽ, പ്രകീർത്ത് എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രകീർത്തിനും തലയ്ക്കാണ് പരിക്കേറ്റത്.







