മാങ്കടവിൽ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി; വീട്ടുടമയുൾപ്പെടെ അഞ്ചുപേർ പിടിയിൽ

വളപട്ടണം: രാത്രിയുടെ മറവിൽ വീട്ടുപറമ്പിൽ നിന്നും കക്കൂസ് മാലിന്യം പൊതുറോഡിലേക്ക് ഒഴുക്കിയ അഞ്ചുപേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. വീട്ടുടമയും തൊഴിലാളികളുമാണ് പോലീസിന്റെ പിടിയിലായത്.
പാപ്പിനിശേരി മാങ്കടവിലെ സുബൈദാസിൽ കെ. അഷറഫ് (61), തമിഴ്‌നാട് സേലം സ്വദേശികളായ തൊഴിലാളികൾ വിഷ്ണു (23), ഇളവരശൻ (32), ശക്തിവേൽ (24), സത്യശീലൻ (29) എന്നിവർക്കെതിരെയാണ് വളപട്ടണം എസ്.ഐ. പി. മധുസൂദനനും സംഘവും കേസെടുത്തത്.
ബുധനാഴ്ച രാത്രി 11:50-ഓടെയായിരുന്നു സംഭവം. മാങ്കടവ് കുന്നുംപുറം കരക്കാട്ട് റോഡിലുള്ള അഷറഫിന്റെ വീട്ടുപറമ്പിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുകയായിരുന്നു. പട്രോളിംഗിനിടെയാണ് പോലീസ് സംഘം ഇവരെ കൈയോടെ പിടികൂടിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ മാലിന്യം തള്ളിയതിനാണ് നടപടി.







