മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് അഴിക്കോട് സ്വദേശി

കണ്ണൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി എടക്കാട് പോലീസിന്റെ പിടിയിലായി. അഴിക്കോട് ആറാംകോട്ടം സ്വദേശി എം.പി സ്വരൂപിനെയാണ് എടക്കാട് ഇൻസ്പെക്ടർ കെ.വി. ഉമേശന്റെയും എസ്.ഐ എൻ. ദിജേഷിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂർ നഗരം, തോട്ടട, ചാല പന്ത്രണ്ട് കണ്ടി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ (MDMA) അടക്കമുള്ള മാരക മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സ്വരൂപെന്ന് പോലീസ് അറിയിച്ചു. 2025 ആഗസ്റ്റിൽ ആറ്റടപ്പയിൽ വെച്ച് 141 ഗ്രാം എം.ഡി.എം.എയും 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.







