ബൈക്കിടിച്ച് പരിക്കേറ്റ കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു

കൂത്തുപറമ്പ്: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി അഹമ്മദ് കുട്ടി (56) അന്തരിച്ചു. പുറക്കളം തുടുത്തുംകണ്ടി പുത്തൻപുരയിൽ താമസിക്കുന്ന ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്.
വീട്ടിൽ നിന്നും ചക്കരക്കല്ലിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു അഹമ്മദ് കുട്ടി. മുണ്ടമെട്ടയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഹമ്മദ് കുട്ടിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ മൊയ്തുവിന്റെയും ബീവിയുടെയും മകനാണ്.
• ഭാര്യ: നഫീസ.
• മക്കൾ: ഫായിസ്, പരേതയായ ഫാത്തിമ.
• മരുമകൻ: ഷാനിഫ്.
• സഹോദരങ്ങൾ: അലി, സറീന, സുബൈദ, പരേതയായ ഖദീജ.






