സ്‌കൂളിന് തണലായി പൂർവ്വവിദ്യാർത്ഥികൾ; വയക്കര ഗവ. യുപി സ്‌കൂളിലേക്ക് സീലിംഗ് ഫാനുകൾ നൽകി

ശ്രീകണ്ഠപുരം: വയക്കര ഗവ. യുപി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ‘വാടാമല്ലി’ മാതൃകയാകുന്നു. സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മൂന്ന് സീലിംഗ് ഫാനുകൾ സംഭാവനയായി നൽകി.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക ടി. പുഷ്പ, എസ്.എം.സി (SMC) ചെയർമാൻ എ. ജയേന്ദ്രൻ എന്നിവർ ചേർന്ന് ഫാനുകൾ ഏറ്റുവാങ്ങി. തങ്ങൾ പഠിച്ച വിദ്യാലയത്തോടുള്ള സ്നേഹസൂചകമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാടാമല്ലി ഗ്രൂപ്പ് അഡ്മിൻ സി.കെ. മധു, അംഗങ്ങളായ ഷൈജു, സീമ, റെനീഷ്, സതീശൻ, സി.പി. സിമി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ തങ്ങളുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പൂർവ്വവിദ്യാർത്ഥികൾ ഉറപ്പുനൽകി.






