സർക്കാരിനെതിരെ പെൻഷൻകാരുടെ കടലിരമ്പം; കണ്ണൂരിനെ ഇളക്കിമറിച്ച് കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനത്തിന് തുടക്കം

കണ്ണൂർ: അവകാശങ്ങൾ കവർന്നെടുക്കുന്ന പിണറായി സർക്കാരിന് താക്കീതായി കണ്ണൂർ നഗരത്തിൽ പെൻഷൻകാരുടെ കൂറ്റൻ ശക്തിപ്രകടനം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ആയിരക്കണക്കിന് പെൻഷൻകാർ അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നത്. കേരളത്തിലെ പെൻഷൻകാരുടെ ഏറ്റവും ശക്തമായ സംഘടനയെന്ന് വിളിച്ചോതുന്നതായിരുന്നു കണ്ണൂർ പട്ടണത്തെ നിശ്ചലമാക്കിയ ഈ റാലി.
പ്രകടനത്തിന്റെ മുൻനിര സ്റ്റേഡിയം കോർണറിലെ പൊതുസമ്മേളന നഗരിയിൽ എത്തുമ്പോഴും അവസാന നിര പ്രഭാത് കവലയിൽ തന്നെ തുടരുന്നത് പെൻഷൻകാരുടെ പങ്കാളിത്തത്തിന്റെ ആഴം വ്യക്തമാക്കി. വനിതകൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. ക്ഷാമാശ്വാസം അട്ടിമറിച്ചതിനെതിരെയും, കുടിശ്ശിക കവർന്നെടുത്തതിനെതിരെയും, മെഡിസെപ്പ് പദ്ധതിയിലെ വഞ്ചനയ്ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നു.
സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ആർ. രാജൻ കുരുക്കൾ, കോട്ടാത്തല മോഹനൻ, പി. ഗോപാലകൃഷ്ണൻ നായർ, ഡോ. വി.എൻ. രമണി, കെ. സരോജിനി, ടി. വനജ, ടി.വി. ഗംഗാധരൻ, കെ. മോഹനൻ, പി. സുഖദേവൻ, മുഹമ്മദ് ബ്ലാത്തൂർ, വി.പി. അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.






