എട്ട് കിലോ കഞ്ചാവുമായി മുങ്ങിയ പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ; കണ്ണൂർ സ്വദേശിയെ പിടികൂടിയത് ബാംഗ്ലൂരിൽ നിന്ന്

കണ്ണൂർ: താവക്കരയിൽ എട്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പോലീസ് പിടിയിലായി. കണ്ണൂർ ആദികടലായി ഷഹറാസിലെ ഷബീഹ് മോൻ (29) ആണ് ബാംഗ്ലൂരിൽ വെച്ച് പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഭവം ഇങ്ങനെ:
2019 ഫെബ്രുവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം. താവക്കര ഐ.ഒ.സി സംഭരണിക്ക് സമീപം കഞ്ചാവ് വിൽപന നടത്തുന്നതിനിടെ എട്ട് കിലോ കഞ്ചാവുമായി സംഘത്തെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ അന്ന് ഷബീഹ് മോൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാൾ വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ഒളിവിലായിരുന്ന പ്രതി ബാംഗ്ലൂർ വഴി നാട്ടിലെത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നിർദ്ദേശാനുസരണം എ.എസ്.ഐ ശ്യാംസുന്ദർ, എസ്.സി.പി.ഒ ബൈജു, സി.പി.ഒ വിനിൽ എന്നിവർ ചേർന്നാണ് ബാംഗ്ലൂരിൽ വെച്ച് പ്രതിയെ വലയിലാക്കിയത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ നേരത്തെ പിടിയിലായ മറ്റ് മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.






