23 ലക്ഷം രൂപയുടെ സാധനങ്ങളും സ്കൂട്ടറും കടത്തി കൊണ്ടുപോയ രണ്ടു പേർക്കെതിരെ കേസ്

വളപട്ടണം: ടെക്സ്റ്റൈൽ സ്ഥാപനത്തിൻ്റെ താക്കോൽ കൈക്കലാക്കി ഗോഡൗണിൽ സൂക്ഷിച്ച 23 ലക്ഷം രൂപയുടെ സാധനങ്ങളും സ്കൂട്ടറും വിവിധ രേഖകളും കടത്തി കൊണ്ടുപോയെന്നും മകനെ തട്ടി കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കാസറഗോഡ് വിദ്യാനഗർ കല്ലക്കട്ട സ്വദേശിയും പാപ്പിനിശേരി മാങ്കടവ് ചാലിൽ താമസക്കാരനുമായ പി. മുഹമ്മദ് സാബിറിൻ്റെ (36)പരാതിയിലാണ് കാസറഗോഡ് നാലത്തടുക്കയിലെ സമീർ, കാസറഗോട്ടെബേൽപ്പു എന്ന അബ്ദുൾ ഖാദർ എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. പരാതിക്കാരൻ ഒന്നാം പ്രതിയിൽ നിന്നും 2024 ജൂലൈ മാസം 20 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനു വായ്പ വാങ്ങിയിരുന്നു ഇതിൽ 16,30,000 രൂപ പിന്നീട് തിരികെ കൊടുക്കുകയും ചെയ്തിരുന്നു. ബാക്കി തുകക്ക് 2024 മെയ് 27 ന് പാപ്പിനിശേരി മാങ്കടവിലുള്ള വീട്ടിൽ പോയി പ്രതികൾ പരാതിക്കാരൻ്റെ ഭാര്യയുടെ ഉമ്മയേയും ജേഷ്ഠത്തിയേയും ഭീഷണിപ്പെടുത്തുകയും 2024 ജൂൺ മാസം കാസറഗോഡ് റെയിൽവെസ്റ്റേഷന് സമീപത്തെ പരാതിക്കാരൻ്റെ ടെക്സ്റ്റൽ ഗോഡൗണിനിന്നും ജീവനക്കാരനെ ഭീഷണിപ്പെടുത്തി താക്കോൽ കൈക്കലാക്കി 23 ലക്ഷം വിലമതിക്കുന്ന ജീൻസ്, ഷർട്ട്, ഫർണിച്ചറുകൾ, പാസ്പോർട്ട്, കാറിൻ്റെ ആർ.സി, ബേങ്ക് ചെക്ക് ബുക്ക് കിട്ടാനുള്ള പണം കുറിച്ചുവെച്ച ബുക്ക്,ഭാര്യയുടെ പേരിലുള്ള കെ എൽ. 13. എ.ഡബ്ല്യു.9583 നമ്പർഇലക്ട്രിക് സ്കൂട്ടർ വാഹനഉടമയുടെ ഒപ്പിട്ടതും ഒപ്പിടാത്തതുമായ ചെക്ക് ബുക്കുകളും കടത്തി കൊണ്ടുപോകുകയും ചെയ്തു.2024 മെയ് മാസം മുതൽ 2026 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി പ്രതികൾ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുകയും ബന്ധുക്കളുടെ വീട്ടിൽ ചെന്ന് അപവാദം പ്രചരിപ്പിക്കുകയും പരാതിക്കാരൻ്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






