നിയന്ത്രണംവിട്ട കാറിടിച്ച് സ്ത്രീ മരിച്ചു

ശ്രീകണ്ഠപുരം: മലയോര ഹൈവേയിൽ ചെമ്പേരിക്കടുത്ത് പുറഞ്ഞാണിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് സ്ത്രീ മരിച്ചു. വേങ്കുന്ന് സ്വദേശിനി കളത്തിക്കണ്ടിപൊയിൽ ലീല (62) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. കുടുംബശ്രീ യോഗത്തിൽ പങ്കെടുത്ത ശേഷം റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഇരിട്ടിയിൽ നിന്ന് ആലക്കോട് ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ലീലയെ ഇടിച്ചു തെറിപ്പിച്ചത്.
തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ലീലയെ സമീപവാസികൾ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൾ: അമ്പിളി (നടുവിൽ മുൻ പഞ്ചായത്ത് അംഗം, അധ്യാപിക)
മരുമകൻ: സുരേന്ദ്രൻ.






