തെരുവുനായ നിയന്ത്രണം; മൃഗക്ഷേമസംഘടനകളുമായി ചർച്ച നടത്തി

കണ്ണൂർ: ജില്ലയിലെ തെരുവുനായ്ക്കളുടെ സംരക്ഷണം, ഷെൽട്ടർ നിർമ്മാണം, എബിസി (ABC) വന്ധ്യംകരണ പദ്ധതി എന്നിവയിൽ സർക്കാർ വകുപ്പുകളുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികളുടെയും മൃഗക്ഷേമ സംഘടനകളുടെയും യോഗം ചേർന്നു.
തെരുവുനായ്ക്കളെ പരിപാലിക്കുന്നതിനായി പ്രത്യേക ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ള വന്ധ്യംകരണ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കി ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. അനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. വിനോദ്‌കുമാർ, പ്രൊജക്ട് ഓഫീസർ ഡോ. സന്തോഷ്കുമാർ, എൽഎംടിസി പ്രിൻസിപ്പൽ ട്രെയ്നിങ് ഓഫീസർ ഡോ. ഒ.എം. അജിത തുടങ്ങിയവരും വിവിധ സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.






