പോലീസ് സ്റ്റേഷൻ മാർച്ച് 20 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പഴയങ്ങാടി : വിദ്യാർത്ഥികളെ തട്ടി കൊണ്ടുവന്ന് ക്രൂരമായി മർദ്ദിച്ച അധ്യാപകനെ അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച്
പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ 20 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മാട്ടൂലിലെ വിജേഷ്, പറവൂരിലെ അക്ഷയ്, കണ്ണപുരംപൂങ്കാവിലെ രാഹുൽ, മാട്ടൂലിലെ അക്ഷയ്, ബീച്ച് റോഡിലെ അഹമ്മദ് യാസിൻ, വെങ്ങരയിലെ റഹിബ്, വാടിക്കലിലെ മുബാസ്, ചെമ്പല്ലിക്കുണ്ടിലെ ശ്രീരാഗ് ബാബു, ഏഴോത്തെ പ്രജിത്ത്, ചെറുതാഴം പുത്തൂരിലെ സരീഷ്, വെങ്ങരയിലെ നിവേദ്, അടുത്തിലയിലെ ആദർശ്, കീഴറയിലെ പ്രജീഷ്, മാടായി ചൂട്ടാട് സ്വദേശി ജിജേഷ്, ചെങ്ങലിലെ ഷോഭിത്ത് എന്നിവർക്കും കണ്ടാലറിയാവുന്ന 5 പേർ ഉൾപ്പെടെ 20 പേർക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് പോലീസ് സ്റ്റേഷൻ റോഡിലാണ് സംഭവം. മുദ്രാവാക്യം വിളിച്ച് സ്റ്റേഷനിലേക്കുള്ള വഴി തടസ്സപ്പെടുത്തി യതിനാണ് പോലീസ് കേസെടുത്തത്. തൃക്കരിപ്പൂർ സ്വദേശികളായ പയ്യന്നൂരിലെ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് അധ്യാപകനായ ലിജോ ജോണും സംഘവുംവാടിക്കൽ പുഴക്കരയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് അറസ്റ്റു ചെയ്യാൻ വൈകുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.






