പോലീസ് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത 20 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പോലീസ് വാഹനം തടഞ്ഞു നിർത്തി സംഘടിച്ചെത്തിയ യു.ഡി.എഫ് പ്രവർത്തകർ പോലീസ് ഇൻസ്പെക്ടറെ മർദ്ദിക്കുകയും തള്ളി താഴെയിടുകയും തടയാൻ ചെന്ന പോലീസുകാരെ തള്ളി മാറ്റി അരമണിക്കൂറോളം തടഞ്ഞുവെച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 20 ഓളം യുഡിഎഫ് പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിനെയും സംഘത്തെയുമാണ് മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരം 6.45 മണിക്കാണ് സംഭവം പരാതിയിൽ അജാനൂർ 24-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ചിത്താരിയിലെ സി.എച്ച് നിസാമുദ്ദീനും മറ്റു കണ്ടാലറിയാവുന്ന 19 യു ഡി എഫ് പ്രവർത്തകർക്കെതിരെപോലീസ് കേസെടുത്തു. ഹിദായത്തുൽ എ.യു.പി സ്കൂളിലെ ഐ എൻ എൽ പാർട്ടിയുടെ ഏജൻ്റുമാരെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നപ്പോൾ പോലീസ് വാഹനത്തിൽ കൊണ്ടുപോകവെ ഇടവഴിയിൽ വെച്ച് പോലീസ് വാഹനം തടഞ്ഞ് സ്ഥാനാർത്ഥിയായ ഒന്നാം പ്രതി ഇൻസ്പെക്ടറെ കൈ കൊണ്ട് നെഞ്ചിൽ ഇടിക്കുകയും തളളി താഴെയിട്ട് പരിക്കേൽപ്പിക്കുകയും മറ്റ് രണ്ടുപ്രതികൾ റോഡിനോട് ചേർന്ന മതിലിനോട് ചേർത്ത് അമർത്തുകയും തടയാൻ ശ്രമിച്ച പോലീസുകാരെ തള്ളി മാറ്റിയ പ്രതികൾ അരമണിക്കൂറോളം വാഹനം തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.






