അഡ്വ. രാജേഷ് പനയന്തട്ടയ്ക്ക് സുപ്രീംകോടതിയുടെ ആദരം
ന്യൂഡൽഹി: പയ്യന്നൂർ സ്വദേശിയായ അഭിഭാഷകൻ രാജേഷ് പനയന്തട്ടയ്ക്ക് സുപ്രിം കോടതിയുടെ ആദരം. സുപ്രിം കോടതി ബാർ അസോസിയേഷൻ ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിൽ നിന്നാണ് ആദരം ഏറ്റുവാങ്ങിയത്.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെയും സുപ്രീം കോടതി ബാർ അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വികാസ് സിംഗിന്റെയും സാന്നിദ്ധ്യത്തിലാണ് രാജേഷ് പനയന്തട്ട ആദരം ഏറ്റുവാങ്ങിയത്.
Tribal Laws and Jurisprudence എന്ന നിയമഗ്രന്ഥത്തിൻ്റെ രചനയാണ് അദ്ദേഹത്തെ ആദരവിന് അർഹനാക്കിയത്. പതിനേഴ് കേന്ദ്രനിയമങ്ങളും നൂറ്റിനാല്പത്തഞ്ചോളം സംസ്ഥാനനിയമങ്ങളും പഠനവിധേയമാക്കിയ ആദിവാസിഗോത്രനിയമങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന രാജ്യത്തെ ആദ്യപുസ്തകമാണ് ഈ ഗ്രന്ഥം.
ഭൂട്ടാൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, മലേഷ്യ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാരുൾപ്പെടെ ചടങ്ങിൽ സംബന്ധിച്ചു.
കവി കൂടിയായ രാജേഷ് പനയന്തട്ട 2008 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകനാണ്.
